നവതലമുറയുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം: ടി. പി ശറഫുദ്ധീൻ

ജിദ്ദ: സങ്കീര്‍ണ്ണമായ ഇന്നത്തെ സാഹചര്യത്തില്‍ നവതലമുറയുടെ കഴിവുകള്‍ കണ്ടത്തെി പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്ന് പ്രമുഖ ബിസിനസ്സ് കൺ സൽട്ടന്റും ട്രൈനറുമായ ടി.പി.ഷറഫുദ്ദീന്‍ അഭിപ്രായപ്പെട്ടു. സെന്‍ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സവിശേഷമായ ഗുണങ്ങള്‍ ഉള്ളവരാണ് പുതു തലമുറയെന്നും അവരാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ വൈദഗ്ധ്യമാണ് പുതു തലമുറയുടെ പ്രത്യേകത. യുക്തിക്ക് അവര്‍ പ്രാധാന്യം കൊടുക്കുന്നു. ഒരു ജോലിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം പലേടത്തും ജോലി ചെയ്യാന്‍ അവര്‍ ഔല്‍സുക്യം കാണിക്കുന്നു. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ അവരുടെ ഇഷ്ടമേഖലയാണ്. അവര്‍ മുല്യങ്ങളെ സ്നേഹിക്കുന്നു. എന്നാല്‍ അവരുടെ യുക്തിപരമായ ചോദ്യങ്ങളെ യുക്തിയോടെ അഭിമുഖീകരിക്കാന്‍ പണ്ഡിതന്മാര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പുതിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ തൊഴില്‍ വിപണി എന്നതില്‍ നിന്നും സംരംഭങ്ങള്‍ തുടങ്ങാനുള്ള വിപണിയായി മാറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ യുവതലമുറയുടെ നൈസര്‍ഗ്ഗിക കഴിവുകളെ കണ്ടെത്തേണ്ടതുണ്ടു. ഓരോ വെല്ലുവിളികളും പുതിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. അത് പ്രയോജനപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം.

പ്രവാസികളുടെ തിരിച്ചുവരവ് സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കും. നിയമ ലംഘനങ്ങള്‍ വര്‍ധിക്കും. മോഷണം, കളവ് തുടങ്ങിയവ നമ്മുടെ സ്വാസ്ഥ്യം കെടുത്തും. തൊഴില്‍മേഖല ശുഷ്കമായി വരുന്ന സാഹചര്യത്തില്‍, വ്യവസായ കച്ചവട സംരംഭങ്ങളാണ് സമൂഹത്തെ അഭിവൃദ്ധിയില്‍ എത്തിക്കുന്നതെന്നും അതിനുള്ള സാധ്യതകള്‍ സമൂഹത്തില്‍ എപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

കെ.ടി.അബൂബക്കര്‍, അബ്ദുല്‍ മജീദ്, ഫാസ്ലിന്‍, റിയാസ്, ഡോ.അബ്ദുല്ല, ഷാഹിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ചടങ്ങില്‍ അബ്ദുല്‍ അസീസ് തങ്കയത്ത് അധ്യക്ഷത വഹിച്ചു.

എഞ്ചിനീയർ ഇര്‍ഷാദ് സ്വാഗതവും മുഹമ്മദലി മഞ്ചേരി നന്ദിയും പറഞ്ഞു. ഇബ്രാഹീം ശംനാട് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സലാം കാളികാവ്, മുഹമ്മദ് സമീര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.