റിയാദ്: സഊദിയിൽ രാജകുടുംബത്തിന് രാജരക്തമെന്ന സങ്കൽപ്പമില്ലെന്നും ജനസേവനത്തിലും ഐക്യം കാത്തുസൂക്ഷിച്ചും ഒരു രാജകുടുംബം പോലെയാണെന്നും അത് ജനങ്ങളുടെ ഭാഗമാണെന്നും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ മാതാവ് രാജകുടുംബത്തിൽ നിന്നല്ല, മറിച്ച് ഒരു ഗോത്ര കുടുംബത്തിൽ നിന്നാണ്, യാം ഗോത്രങ്ങളിലെ അജ്മാൻ ഗോത്രത്തിൽ നിന്നുള്ളവരാണ്. അവരുടെ എണ്ണം ഏകദേശം ഒരു ദശലക്ഷത്തോളമാണിന്ന് സഊദിയിൽ. സഊദി അറേബ്യയിൽ നിങ്ങൾ രാജകുടുംബത്തെ നോക്കുകയാണെങ്കിൽ, ഞങ്ങൾ സാധാരണക്കാരിൽ നിന്നാണ് വിവാഹം കഴിക്കുന്നത്, ഞങ്ങൾ അവരുടെ ഭാഗമാണ്, ഞങ്ങൾ ഇവിടെ താമസിക്കുന്നു, ഇവിടെ വളർന്നു, ഞങ്ങൾ അറേബ്യൻ പെനിൻസുലയുടെ ഭാഗമാണ്.
രാജകുടുംബത്തിലെ ഒരു അംഗത്തിനും ജനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പ്രത്യേക അവകാശമില്ലെന്നും അവരിൽ ഒരാൾ നിയമം ലംഘിച്ചാൽ ശിക്ഷിക്കപ്പെടുമെന്നും നിയമ പരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ ഏതൊരു വ്യക്തിയെയും പോലെ, രാജകുടുംബത്തിലെ അംഗമെന്നത് ബഹുമാനിക്കപ്പെടേണ്ട പദവിയാണെന്നും അദ്ദേഹം പറഞ്ഞു.