റിയാദ്: ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പുടിനോട് സഊദി കിരീടവകാശി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വളാദ്മിർ പുടിനുമായുള്ള ടെലഫോൺ സംഭാഷണത്തിനിടെയാണ് കിരീടവകാശി തന്റെ നിലപാട് വ്യക്തമാക്കിയത്. റഷ്യക്ക് പിന്തുണ തേടിയാണ് വളാദ്മിർ പുടിൻ വ്യാഴാഴ്ച വൈകീട്ട് കിരീടവകാശിയെ ഫോണിൽ ബന്ധപ്പെട്ടത്.
ഉക്രെയ്നിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സഊദി കിരീടവകാശി സഊദിയുടെ പ്രഖ്യാപിത നിലപാട് പുടിനോട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിലേക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്കുള്ള പിന്തുണയും കിരീടവകാശി പ്രഖ്യാപിച്ചു.
ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിയും കിരീടവകാശിയുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രതിസന്ധി കുറയ്ക്കുന്നതിന് രാജ്യത്തിന്റെ പിന്തുണ കിരീടാവകാശി അദ്ദേഹത്തെ അറിയിച്ചു. ഇരു കക്ഷികൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും പിന്തുണയും നൽകുമെന്നും കിരീടവകാശി അദ്ദേഹത്തെ അറിയിച്ചു.