കീവ്: ഏകപക്ഷീയ യുദ്ധം അഴിച്ചുവിട്ട റഷ്യ ഉക്രൈന്റെ ചെർണോബിൽ ആണവനിലയം പിടിച്ചെടുത്തു. ഉക്രൈൻ തലസ്ഥാനമായ കീവിലെ ചെർണോബിൽ ആണവനിലയമാണ് യുദ്ധം തുടങ്ങി ഒരു ദിനം പിന്നിടും മുമ്പേ പിടിച്ചെടുത്തത്. വ്യാഴാഴ്ച്ച പുലർച്ചെ മുതലാണ് ഉക്രെയ്നെതിരേ കര, ജല, വ്യോമ അതിർത്തികൾ വഴി കടന്നുകയറി റഷ്യൻ സൈന്യം യുദ്ധം അഴിച്ചുവിട്ടത്.
ഉക്രെയ്ന്റെ ഭാഗമായ പ്രിപ്യാറ്റിലാണ് ചെര്‍ണോബില്‍ ആണവനിലയം ഉള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തത്തിന് കാരണമായ ചെർണോബിൽ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന ആണവ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണനിർദേശത്തിനു പിന്നാലെ റഷ്യൻ പോർവിമാനങ്ങൾ യുക്രയ്ൻ തലസ്ഥാനമായ കീവിനു നേരെ ആക്രമണം അഴിച്ചുവിട്ടു. യുക്രയ്ൻ സേന തിരിച്ചടിക്കുകയും ചെയ്തു. നാൽപതിലേറെ യുക്രയ്ൻ സൈനികരും ഡസൻകണക്കിനും സിവിലിയൻമാരും റഷ്യൻ ആക്രമണത്തിലും അമ്പത് റഷ്യൻ സൈനികർ യുക്രയ്ൻ സേനയുടെ തിരിച്ചടിയിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, റഷ്യയുമായി യുദ്ധത്തിനില്ലെന്നും യഉക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യ കടുത്ത വില നല്‍കേണ്ടി വരുമെന്നും പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയുമായി യുദ്ധത്തിനില്ലെങ്കിലും റഷ്യക്കെതിരെയുള്ള ഉപരോധം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തുന്നതിനു പുറമെ റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിക്കുകയും അമേരിക്കയിലെ റഷ്യന്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്.