ഇരു ഭാഗത്തും മരണ സംഖ്യയും ഉയരുന്നു
മോസ്‌കോ: ഉക്രയ്‌നിനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. സംഘർഷം ആരംഭിച്ചപ്പോൾത്തന്നെ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നു. ഈമാസമാദ്യം 89 ഡോളറായിരുന്ന വില ചൊവ്വാഴ്ച 97 ഡോളറിലെത്തിയിരുന്നു.
അവശ്യവസ്‌തുക്കളുടെ വില കുത്തനെ ഉയരുമെന്നാണ് ആശങ്ക. ആഗോള സ്വർണ്ണ വിലയും കുത്തനെ ഉയരുകയാണ്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. യുദ്ധം ആരംഭിച്ചാൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, അലുമിനിയം, ചെമ്പ് തുടങ്ങിയവയ്‌ക്കും ഗോതമ്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയ ഭക്ഷ്യോൽപ്പന്നങ്ങൾക്കും വില കുതിച്ചുകയറുമെന്നാണ് വിപണിവിദഗ്ധരുടെ നേരത്തെയുള്ള വിലയിരുത്തൽ.
സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ആഗോള ഓഹരി വിപണിയിലും വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1800 പോയിന്റും നിഫ്റ്റി 500 പോയിന്റും ഇടിഞ്ഞു.
ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദക, കയറ്റുമതി രാഷ്ട്രമാണ് റഷ്യ. യൂറോപ്പിന് ആവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നൽകുന്നു. വിതരണം തടസ്സപ്പെട്ടാൽ കടുത്ത എണ്ണക്ഷാമമായിരിക്കും ഫലം. ഇന്ധന ആവശ്യം നിറവേറ്റാൻ യൂറോപ്പ് ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതോടെ രാജ്യത്തും ഇന്ധന പ്രതിസന്ധി നേരിട്ടേക്കും.
കരിങ്കടൽമേഖലയിൽനിന്ന് ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുന്നത് ഭക്ഷ്യോൽപ്പന്നവിലയും കുത്തനെ കൂട്ടും. ഗോതമ്പ് കയറ്റുമതിയിൽ റഷ്യ ഒന്നാമത്തെയും ഉക്രയ്ൻ നാലാമത്തെയും രാജ്യമാണ്. ഇന്ത്യയിലേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഉക്രയ്നിൽനിന്നും 20 ശതമാനം റഷ്യയിൽ നിന്നുമാണ്. ഫെബ്രുവരിയിൽ ഒരു കപ്പൽ എണ്ണപോലും ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്ന് ഇറക്കുമതിക്കാർ പറയുന്നു.
അലുമിനിയം, വാഹനങ്ങളിലും മൊബൈൽഫോണുകളിലും ഉപയോഗിക്കുന്ന പല്ലാഡിയം, ചെമ്പ്, നിക്കൽ തുടങ്ങിയ വിവിധ ലോഹങ്ങളുടെ പ്രധാന ഉൽപ്പാദകരാണ് റഷ്യ എന്നതിനാൽ ഇവയുടെ വിലക്കയറ്റവും ലഭ്യതക്കുറവും പ്രതിസന്ധിയുണ്ടാക്കും. ഉക്രയിനിലേക്ക് ഏറ്റവും അധികം ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമത്തേതാണ് ഇന്ത്യ. യുദ്ധം കയറ്റുമതിയെ ബാധിക്കുകയും ഔഷധനിർമാണ മേഖലയിൽ നിരവധി തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്യും.
യൂറോപ്പില്‍ വലിയ യുദ്ധം ആരംഭിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കിയതിന് തൊട്ട് പുറകെയാണ് കിഴക്കന്‍ ഉക്രൈന്‍ അക്രമിക്കാന്‍ പുടിന്‍ ഉത്തരവിട്ടത്. ഉക്രൈനെ നിരായുധീകരിക്കുമെന്നും കീഴടങ്ങണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഇതിന്റെ മണിക്കൂറികള്‍ക്കുള്ളിലാണ് ആക്രമണം. റഷ്യയെ തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചു. റഷ്യ എന്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ബാസിലേക്ക് കടക്കാനാണ് പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയത്. പുട്ടിന്‍റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും സഹായം യുക്രൈൻ തേടി.
അതിനിടെ, യുദ്ധത്തിൽ ഇരുഭാഗത്തും മരണസംഖ്യ ഉയർന്നു തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് അധിക്രമിച്ച് കടന്ന 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി ഉക്രെയ്ൻ അധികൃതർ അറിയിച്ചു. സൈനികരും പൗരൻമാരുമടക്കം 50 ഓളം ഉക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു.