മൂന്ന് തരം പാൽ ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

0
4532

റിയാദ്: കുട്ടികൾക്കായുള്ള അമേരിക്കയുടെ മൂന്ന് തരം പാൽ ഉൽപ്പന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി. അബോട്ടിന്റെ സ്ഥാപനങ്ങളിലൊന്ന് നിർമ്മിക്കുന്ന മൂന്ന് തരം ബേബി പാൽപ്പൊടി ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ക്രോണോബാക്റ്റർ സകാസാക്കിയും സാൽമൊണല്ല ന്യൂപോർട്ട് ബാക്ടീരിയയും ഉൽപ്പന്നങ്ങളിൽ മലിനീകരണത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് അതോറിറ്റി വെളിപ്പെടുത്തി.

ELECARE JR 400G, ELECARE 400G, SIMILAC HUMAN MILK FORTIFIER എന്നീ മൂന്ന് ഉലപ്പന്നങ്ങൾക്കെതിരെയാണ് മുന്നറിയിപ്പ്. സഊദിയിലേക്കുള്ള ഇറക്കുമതി ചെയ്യുന്ന കമ്പനിയുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സംശയിക്കുന്ന മലിനമായ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വിപണികളിൽ പ്രവേശിക്കാതിരിക്കാനും പ്രാദേശിക വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാനും തുടർനടപടികൾ സ്വീകരിക്കുന്നതായും അതോറിറ്റി അറിയിച്ചു.

സാൽമൊണല്ല ബാക്ടീരിയ കലർന്ന ഭക്ഷണം അകത്താകുന്ന മിക്ക കേസുകളിലും പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. വയറിളക്കത്തിനും മൂത്രനാളി അണുബാധയ്ക്കും കാരണമാകുന്നതാണ് പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ക്രോണോബാക്ടർ ബാക്ടീരിയ

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഈ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും അവരുടെ കൈവശമുള്ളവ ഒഴിവാക്കാനും ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടു. പാൽ ഉൽപന്നങ്ങൾ Tamni ആപ്ലിക്കേഷൻ വഴിയോ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ചോ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.