ഇഖാമ നിയമ ലംഘകർക്കായുള്ള പരിശോധനയും ശക്തം; കഴിഞ്ഞയാഴ്ച്ചയും നാട് കടത്തിയത് 8500 ഓളം വിദേശികളെ

0
3500

റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 14,627 ഓളം പേരെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 16 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാംപയിനിടെയാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 1,942 താമസ നിയമ ലംഘകരും 4,732 അതിർത്തി നിയമ ലംഘകരും 7,953 ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ 428 പേരും അറസ്റ്റിലായിട്ടുണ്ട്. അനധികൃത മാർഗ്ഗത്തിലൂടെ സഊദിയിൽ നിന്ന് കടക്കാൻ ശ്രമിച്ച 86 പേരെയും നിയമലംഘകരെ കടത്തിവിട്ട് അഭയം നൽകിയ 12 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 99,989 ലധികം കവിഞ്ഞിട്ടുണ്ട്. ഇവരിൽ 88,597 പേർ പുരുഷന്മാരും 11,392 സ്ത്രീകളും ഉൾപ്പെടും. 87,309 നിയമലംഘകരുടെ കേസുകൾ അവരുടെ നാടുകടത്തുന്നതിനുള്ള യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ എംബസികളിലേക്ക് കൈമാറിയിട്ടുണ്ട്.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പത്ത് ലക്ഷം റിയാൽ വരെ പിഴയും 15 വർഷം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനു പുറമെ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും സൗകര്യം ചെയ്ത്കൊടുത്ത കേന്ദ്രങ്ങളും വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്യും.