തിരുവനന്തപുരം: വിദേശത്ത് വാഹനാപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോർക്ക റൂട്ട്സിന്റെ പ്രവാസി ഐ ഡി കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനിൽ കിരണിന്റെ കുടുംബത്തിനു വേണ്ടി പിതാവ് ശിവദാസൻ നാലു ലക്ഷം രൂപയുടെ ചെക്ക് നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് ഏറ്റുവാങ്ങി.

2021 സെപ്റ്റംബറിൽ ഒമാനിലെ നിസയിൽ ഉണ്ടായ അപകടത്തിലാണ് കിരൺ മരിച്ചത്. 2021- 2022 വർഷത്തിൽ നോർക്ക റൂട്ട് പ്രവാസി ഐഡി കാർഡ് വഴി 18 ചേർക്കായി 36.20 ലക്ഷം രൂപ ഇൻഷുറൻസ് തുക വിതരണം ചെയ്തു. അപകട മരണത്തിന് 4 ലക്ഷ വും അംഗവൈകല്യത്തിന് 2 ലക്ഷം രൂപ വരെയുമാണ് ഇൻഷുറൻസ് പരിരക്ഷ. നേരത്തെ 2 ലക്ഷം രൂപയായിരുന്ന മരണാനന്തര പരിരക്ഷ കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് 4 ലക്ഷമായി ഉയർത്തിയത്.
മൂന്ന് വർഷമാണ് ഐഡി കാർഡിന്റെ കാലാവധി. 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് അംഗമാകാം. അംഗമാകുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, ടോൾഫ്രീ നമ്പറായ 1800 425 3939 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.