റിയാദ്: സഊദിയിലേക്ക് യാത്ര തിരിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിട്ടവർക്ക് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഉണ്ടായിരിക്കണമെന്നാണ് എക്സ്പ്രസ്സ് അറിയിച്ചിരിക്കുന്നത്. നേരത്തെ സഊദി എയർലൈൻസും ഇക്കാര്യം അറിയിച്ചിരുന്നു.
എട്ട് മാസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വാക്‌സിന്റെ മൂന്നാം ഡോസ് (ബൂസ്റ്റർ) നിർബന്ധമാക്കിയെന്നും 18 വയസും അതിൽ കൂടുതലുമുള്ളവർക്കും ഇത് ബാധകാമെന്നും എക്സ്പ്രസ്സ് അറിയിപ്പിൽ പറയുന്നു. യാത്രക്ക് മുമ്പ് തവക്കൽന ആപ്പിൽ വാക്‌സിൻ സ്റ്റാറ്റസ് ‘ഇമ്മ്യൂൺ’ ആയി കാണിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 8 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് ലഭിക്കാത്തവർക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിക്കുകയില്ല.
യാത്രക്കാർ അവരുടെ വാക്സിൻ നില പരിഗണിക്കാതെ, യാത്രയുടെ 48 മണിക്കൂറിനുള്ളിലെ സാധുവായ ഒരു നെഗറ്റീവ് കൊവിഡ് ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ആന്റിജൻ ടെസ്റ്റ് റിപ്പോർട്ട് കൈവശം കരുതണം. എന്നാൽ, 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് നിർബന്ധമില്ല. എന്നീ നടപടികളും യാത്രക്കാർ പാലിക്കണമെന്ന് എക്സ്പ്രസ്സ് അറിയിച്ചു.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവർക്ക് ഫെബ്രുവരി മുതൽ സഊദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിമാന കമ്പനികൾ പുതിയ തീരുമാനം കൈകൊണ്ടിട്ടുള്ളത്. മാത്രമല്ല, അടുത്തിടെ സഊദിയിൽ നിന്ന് പോകുന്ന സഊദി പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ഇതേ നിബന്ധന സഊദിയിലേക്ക് വരുന്നവർക്കും ഉടൻ തന്നെ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.
രണ്ടാം ഡോസ് വാക്സിൻ എടുത്ത് എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടില്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ബാക്കി പത്രമായാണ് നാട്ടിൽ നിന്ന് വരുന്നവർക്ക് ഇപ്പോൾ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമായി പരിശോധിക്കുന്നത്. ബൂസ്റ്റർ ഡോസ് സഊദിയിൽ നിർബന്ധമാക്കിയതോടെ, എട്ട് മാസമെന്ന കാലാവധി കഴിഞ്ഞവരിൽ ഇത് ലഭിക്കാത്തവർക്ക് ഇതിനകം തന്നെ യാത്ര ചെയ്യുന്നതിൽ തടസം നേരിട്ടിട്ടുണ്ട്.
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് എട്ട് മാസം പിന്നിട്ടാൽ മടക്ക യാത്ര തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. കൂടാതെ, നാട്ടിൽ നിന്നും രണ്ടാം ഡോസ് എടുത്ത് വരുന്നവർക്കും എട്ട് മാസം കഴിഞ്ഞാൽ ഇതേ തടസം നിലനിൽക്കുന്നുണ്ട്. ഇവർക്ക് ഇതിനെ മറികടക്കാൻ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ നൽകി അപ്രൂവൽ വാങ്ങിയിരിക്കണം. എന്നാൽ, നിലവിൽ നാട്ടിൽ ഒമ്പത് മാസം കഴിഞ്ഞവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് നൽകുന്നുള്ളൂ. ഇത് പ്രതിസന്ധി രൂക്ഷമാക്കും.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം
സഊദിയിലേക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം; സഊദി എയർലൈൻസ്