പി സി ആർ തന്നെ വേണമെന്ന് വിമാന കമ്പനി, സഊദിയിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി

0
5025

റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പി സി ആർ വേണ്ടെന്നും പകരം പൂർണ്ണമായും വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും നടപ്പിലാക്കുന്നതിൽ അവ്യക്തത. ഇതേ തുടർന്ന് സഊദിയിൽ നിന്ന് നാട്ടിലേക്ക് പോക്കേണ്ടവരുടെ യാത്ര മുടങ്ങി. ചൊവ്വാഴ്ച രാവിലെ റിയാദിൽ നിന്ന് പോകേണ്ട യാത്രക്കാർക്കാണ് ദുരിതം നേരിട്ടത്. ചൊവ്വാഴ്ച സഊദി എയർലെൻസിൽ യാത്ര ചെയ്യാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയ പലരും പെരുവഴിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് വിശ്വസിച്ച് പി.സി.ആർ പരിശോധന ഫലം ഇല്ലാതെ എത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. 11.45ന് കൊച്ചിയിലേക്ക് പോകേണ്ട എസ്.വി. 774 വിമാനത്തിൽ യാത്ര ചെയ്യാൻ രാവിലെ എട്ടോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി.സി.ആർ ഫലമില്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്.

എയർപോർട്ടിൽ മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭിക്കുന്ന ലാബുണ്ടെങ്കിലും അഞ്ചിരട്ടി വിലയാണ് ടെസ്റ്റിന് നൽകേണ്ടത്. കേന്ദ്രസർക്കാർ ഉത്തരവ് സഊദി എയർലൈൻസിനു കിട്ടാത്തതാണ് പ്രശ്നമെന്നാണ് കരുതുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് ഔദ്യോഗികമായി തന്നെ പി സി ആർ അല്ലെങ്കിൽ പൂർണ്ണ വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.