സഊദി പ്രവാസികൾ ശ്രദ്ധിക്കാൻ….. വാട്സാപ്പിൽ ദുരുദ്ദേശത്തോടെ റെഡ്ഹാർട്ട് ചിഹ്നങ്ങൾ അയച്ചാൽ പണി കിട്ടും

0
4547

റിയാദ്: സഊദിയിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. സഊദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധനുമായ അൽ മുഅതാസ് കുത്ബിയാണ് നിസാരമെന്ന് തോന്നുന്ന ചില ഇമോജികൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ‘റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അയച്ചാൽ അത് സ്വീകരിക്കുന്ന ആൾ പരാതിപ്പെട്ടാൽ രണ്ട് വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്‌.

‘റൊട്ടാന ഖലീജിയ’ ചാനലിലെ ‘മൈ ലേഡി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അൽ മുഅതാസ് കുത്ബി. ‘റെഡ് ഹാർട്ട്’, ‘റോസ്’ ചിഹ്നങ്ങൾ പോലുളളവയും മറ്റ് സമാന അർത്ഥങ്ങൾ ഉള്ള ചിഹ്നങ്ങളും ലഭിക്കുന്ന വ്യക്തിക്ക് പരാതിയുണ്ടായാൽ, എതിർഭാഗത് ഉള്ള വ്യക്തി ആണായാലും പെണ്ണായാലും ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും കുത്ബി പറഞ്ഞു.

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പ്രയോഗിച്ചാലും അവ പീഡനം എന്ന കുറ്റകൃത്യത്തിൽ വരും. അത് ശരീരത്തെ സ്പർശിക്കുന്നതോ അല്ലെങ്കിൽ ആധുനിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നതോ സംസാരിക്കുന്നതോ ഒക്കെ ആയാലും സമമാണ്. അതേ സമയം രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വാഭാവിക സംഭാഷണത്തിനിടയിൽ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല, അത് കുറ്റകൃത്യമല്ല എന്നും കുത്ബി വ്യക്തമാക്കുന്നു.