ജിദ്ദ: കെ എം സി സി വിദേശത്ത് ചരിത്രം രചിക്കുകയായിരുന്നില്ല മറിച്ച് ഒരു പുതിയ സംസ്കാരത്തിന് തുടക്കമിടുകയിരുന്നു വെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ചെയർമാന് ബാബു നെഹ്‌ദി പറഞ്ഞു. ജിദ്ദ കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി സീസൺ റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച “ഇന്ററാക്ഷൻ വിത്ത് ബാബു നെഹ്ദി” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹസ്സൻ സിദീഖ് ബാബു എന്ന ബാബു നെഹ്‌ദി.
നാട്ടിൽ ഇറയും തറയും മുട്ടുന്ന കുടിലുകളിൽ നിന്ന് പട്ടിണി മാറ്റുക എന്ന ലക്ഷ്യം വെച്ച് ജീവൻ പണയം വെച്ച് വൻകരകൾ താണ്ടി സഊദിയിലും മറ്റു ഗൾഫ്നാടുകളിലും എത്തി. മരുഭൂമിയിൽ ചോര നിരാക്കി ഗൾഫിനെ ഇന്ന് കാണുന്ന മിന്നുന്ന രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ മലയാളി പ്രവാസികളുടെ പങ്ക് വിവരണാതീതമാണ് എന്ന് ബാബു നെഹ്‌ദി പറഞ്ഞു.ഗൾഫ് കുടിയേറ്റത്തിന്റെ തുടക്കത്തിൽ ബലദിയയിലെ റോഡ് അടിച്ച് വാരുന്ന ജോലിയായിരുന്നു സാധാരണക്കാരന് ലഭിക്കാവുന്ന ഏറ്റവും നല്ല ജോലി. ഉന്നത വിദ്യഭ്യാസ യോഗ്യതയുള്ള വളരെ കുറച്ച് പേർക്ക് മാത്രമായിരുന്നു അന്ന് നല്ല ഉയർന്ന ജോലി അല്ലെങ്കിൽ ബലദിയയിലെ ജോലിയാണ് ലഭിച്ചിരുന്നത്. അതിനിടക്ക് കമ്പനി സെക്രട്ടറി ജോലികൾ പോലെയുള്ള മിഡിൽ ടൈപ്പ് ജോലികൾ ഉണ്ടായിരുന്നില്ല.
അന്ന് നിരക്ഷരായിരുന്ന മലയാളികൾ കിട്ടുന്ന തുഛമായ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക മാറ്റി വെക്കുകയും നാട്ടിലെ പള്ളി, മദ്രസ, പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം തുടങ്ങിയ നാട്ടിലെ പൊതു വിഷയങ്ങൾക്ക് ചെറിയ തുക നീക്കിവെക്കുകയും ചെയ്യുമായിരുന്നു. സാവധാനം മലയാളികൾ സംഘടനാ സംവിധാനത്തിൽ വരുകയും ‘ചന്ദ്രിക റീഡേഴ്സ് ഫോറം’, കെ എം സി സി തുടങ്ങിയ സംഘടനകൾ രൂപികരിക്കുകയും ചെയ്തു. അന്ന് കാര്യമായി ഉണ്ടായിരുന്ന സഊദിയിലെ മറ്റു സംഘടനകൾ എസ്.വൈ.എസ്സും ഇസ്‌ലാഹി സെന്ററുമായിരുന്നു. പിന്നീട് നാട്ടിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ നെടുംതൂണായി കെ എം സി സി മാറുകയും ചെയ്തു. സഊദിയിലെ മിക്ക സംഘടനകളും കാരുണ്യ പ്രവർത്തനം നടത്തുന്നതിൽ മുൻപന്തിയിൽ ഉണ്ടെങ്കിലും കെ എം സി സി ഗൾഫ് നാടുകളിൽ ഉണ്ടാക്കിയ പരസ്പര സഹായത്തിന്റെ ആ സംസ്ക്കാരത്തെപ്പറ്റി നമ്മൾ പഠനം നടത്തേണ്ടിയിരിക്കുന്നു. കേരളത്തിലെ എല്ലാ സംഘടനകളും നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനത്തിൽ കെ എം സി സി ഉണ്ടാക്കിയിട്ടുള്ള പരസ്പര സഹായത്തോട് കൂടിയുള്ള ജീവ കാര്യണ്യ പ്രവർത്തനത്തിന്റെ സ്വാധീനം മറ്റു എല്ലാ സംഘടനകളിലും കാണാൻ സാധിക്കുമെന്ന് ബാബു ഉദാഹരണങ്ങൾ നിരത്തികൊണ്ട് വിശദീകരിച്ചു.
പഴയ കാലത്ത് സ്വന്തക്കാർ അയക്കുന്ന കത്തുകൾ പോലും വായിച്ച് മനസ്സിലാക്കാൻ മിക്ക മലയാളികൾക്കും അറിയുമായിരുന്നില്ല, നാട്ടിൽ നിന്ന് വരുന്ന കത്ത് വായിച്ച് കൊടുക്കലും കത്തിന് മറുപടി എഴുതി കൊടുക്കലുമായിരുന്നു തങ്ങളുടെ തുടക്കത്തിലെ കാരുണ്യ പ്രവർത്തനം എന്ന് ബാബു തമാശയായി പറഞ്ഞു. വലിയ വെള്ള വണ്ടികൾ സ്വദേശികളുടെ റൂമുകളിൽ വെള്ളമടിച്ച്തിന് ശേഷം ബാക്കി വരുന്ന കുടി വെള്ളത്തിന് കാത്തിരുന്ന പൂർവീകരായ പ്രവാസികളെ ഇന്ന് വരുന്ന പുതുതലമുറക്ക് മനസിലാകണമെന്നില്ല. കാച്ചി തുണിയിൽ നിന്ന് സാരിയിലേക്ക് പെട്ടന്ന് മാറിയത്, കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങളിൽ ഉണ്ടായ പുരോഗതി കെ എം സി സിയുടെ മുൻകാല നേതാക്കളുടെ ഈ കാര്യത്തിലുള്ള സംഭാവനകൾ പുതിയ പ്രവർത്തകർ പഠിക്കേണ്ടത് ഉണ്ട് എന്നും ബാബു പറഞ്ഞു. കോണിപ്പടികൾ വൃത്തിയാക്കുക, കാർ കഴുകുക ഇതൊക്കെ അന്ന് എക്സ്ട്രാ വരുമാനമായിരുന്നു പലർക്കും. എസ്.എ ജമീലിന്റെ പാട്ട് കേട്ട് കരയാത്ത പ്രവാസി മലയാളികൾ അന്ന് ഉണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങൾ ബാബു വിശദീകരിച്ചപ്പോൾ പരിപാടിയിൽ പങ്കെടുത്തവരെ പ്രവാസികളെ പ്രവാസി കുടിയേറ്റ കാലഘട്ടത്തിലേക്ക് ബാബു കൊണ്ട് പോയി.
വിദ്യഭ്യാസമില്ലാത്ത അന്നത്തെ കാലഘട്ടത്തിൽ നന്മ വറ്റാത്ത ഹൃദയമുള്ള മലയാളികൾ തുടക്കം കുറിച്ച കെ എം സി സി യുടെ കാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയായി ഏവരാലും പ്രശംസിക്കപ്പെടുമ്പോൾ അതിന്റെ ഭാഗമാവാൻ തുടക്കം മുതലേ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം തോന്നുകയാണ്. ഈ സാർത്ഥ വാഹക സംഘത്തെ കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് മുന്നോട്ട് കൊണ്ട് പോകണമെന്ന് ബാബു അഭ്യർത്ഥിച്ചു.
പരിപാടിയിൽ നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ ബാബു നെഹ്‌ദിക്ക് ജില്ലാ കമ്മറ്റി യാത്രയപ്പ് നൽകി, ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ മെമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വഗതം പറഞ്ഞു, മറ്റു ഭാരവാഹികളായ ഇൽയാസ് കല്ലിങ്ങൽ, ഉനൈസ് തിരൂർ, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, അഷ്‌റഫ് വി. വി, സുൽഫീക്കർ ഒതായി തുടങ്ങിയവരും മണ്ഡലം ഭാരവാഹികളും പരിപാടിയിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാബിൽ മമ്പാട് നന്ദി പറഞ്ഞു.