റിയാദ്: സഊദിയിൽ ചില പ്രത്യേക കാലയളവ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ ബൂസ്റ്റർ ഡോസ് ഇല്ലാത്തത് മൂലം തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്ക് സഊദിയിലേക്ക് പ്രവേശനം സാധ്യമാണോ? ക്വാറന്റൈൻ നിർബന്ധമാണോ? എന്നതടക്കമുള്ള സംശയങ്ങളുമായി നിരവധി പേരാണ് സമീപിക്കുന്നത്. ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട പ്രവാസികളാണ് ഏറെ ആശങ്കയോടെ ക്വാറന്റീൻ നിർബന്ധമാണോ എന്ന ചോദ്യവുമായി രംഗത്തെത്തുന്നത്. നിലവിൽ പ്രവാസികൾ കൂടുതലായി ചോദിക്കുന്ന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും.
1: ആർക്കാണ് നിലവിൽ സഊദിയിൽ ക്വാറന്റൈൻ ഇളവ് ഉള്ളത്?
ഉത്തരം: സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിൽ നിന്ന് സഊദിയിലേക്ക് വരുന്ന സമയം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല.
2: രണ്ട് ഡോസ് വാക്‌സിൻ എന്നത് സഊദിയിൽ നിന്ന് എടുത്തവർ എന്നതിൽ ആദ്യ രണ്ട് ഡോസ് മാത്രമാണോ?
ഉത്തരം: അല്ല. മൂന്ന് ഡോസുകളിൽ ഏതെങ്കിലും രണ്ട് ഡോസ് അഥവാ ആദ്യ രണ്ട് ഡോസുകൾ, ഒന്നും മൂന്നും ഡോസുകൾ, രണ്ടും മൂന്നും ഡോസുകൾ എന്നിങ്ങനെ ഏതെങ്കിലും രണ്ട് ഡോസുകൾ സഊദിയിൽ നിന്നാണ് എടുത്തെങ്കിൽ ഈ ഇളവ് ലഭിക്കും.
3: രണ്ട് ഡോസ് നാട്ടിൽ നിന്ന് എടുത്തവർ സഊദിയിൽ എത്തിയ ശേഷം ബൂസ്റ്റർ ഡോസ് എടുത്ത ശേഷം വീണ്ടും റീ എൻട്രിയിൽ പോയി തിരിച്ചെത്തുമ്പോൾ ക്വാറന്റീൻ ഒഴിവാകുമോ?
ഉത്തരം: സഊദിയിൽ നിന്ന് ബൂസ്റ്റർ ഡോസ് മാത്രമോ അല്ലെങ്കിൽ മൂന്ന് ഡോസുകളിൽ ഏതെങ്കിലും ഒന്നോ മാത്രം സഊദിയിൽ നിന്ന് എടുത്തവർ ആണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ നിര്ബന്ധമാണ്. ഒരു ഡോസ് സഊദിയിൽ നിന്നാണ് എടുത്തത് എന്നതിനാൽ, ഇത്തരക്കാർക്ക് മൂന്ന് ദിവസം മാത്രം മതിയാകും ക്വാറന്റീൻ.
4: ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ, സഊദിയിൽ നിന്ന് സെക്കൻഡ് ഡോസ് സ്വീകരിച്ച ശേഷം എട്ട് മാസം പിന്നിട്ടവരിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്ക് നാട്ടിൽ തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ നിർബന്ധമാണോ?
ഉത്തരം: ഇത് സംബന്ധമായി പ്രത്യേക നിബന്ധനകളൊന്നും തന്നെ നിലവിലില്ല. അതിനാൽ, നിലവിലെ സാഹചര്യത്തിൽ മുകളിൽ സൂചിപ്പിച്ച പോലെ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് സമയം കഴിഞ്ഞതിന്റെ പേരിൽ അവരുടെ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിലും ഭയപ്പെടാനില്ല. അവർക്ക് രണ്ട് ഡോസ് വാക്‌സിൻ സഊദിയിൽ നിന്നാണ് എടുത്തതെന്ന രേഖ (സ്വിഹതി സർട്ടിഫിക്കറ്റ്) കൈവശം ഉണ്ടെങ്കിൽ സഊദിയിൽ ഇറങ്ങാം.
5: നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമോ? സ്വീകരിക്കാൻ എന്ത് ചെയ്യണം?
ഉത്തരം: അതെ, ലഭ്യമാണെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. നിലവിൽ നാട്ടിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്കാണു ബൂസ്റ്റർ ഡോസ് നൽകുന്നത്. അത് കൊണ്ട് തന്നെ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ നാട്ടിലുണ്ടെങ്കിൽ ബൂസ്റ്റർ ഡോസിനായി അപേക്ഷിച്ച് വാക്സിൻ സ്വീകരിക്കുകയും സർട്ടിഫിക്കറ്റ് സഊദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്തുകയും ചെയ്യാം.
6: നിലവിൽ സഊദിയിലേക്ക് പോകുന്ന റീ എൻട്രിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഉത്തരം: യാത്രയുടെ 48 മണിക്കൂർ ഉള്ളിലെ നെഗറ്റിവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് റിസൾട്ട്, സഊദിയിലേക്കുള്ള പ്രവേശന ഫോം ആയ മുഖീം രജിസ്‌ട്രേഷൻ, സ്വിഹതീ ആപ്പിലെ വാക്‌സിൻ സർട്ടിഫിക്കറ്റ്, തവക്കൽന സർട്ടിഫിക്കറ്റ് (നിർബന്ധമില്ലെങ്കിലും കരുതുന്നത് നല്ലതാണ്), സാധുവായ റീ എൻട്രി. എല്ലാത്തിന്റെയും കളർ കോപ്പി തന്നെ കൈവശം വെക്കുന്നത് നല്ലതായിരിക്കും.
7: നിലവിൽ സഊദിയിലേക്ക് പോകുന്ന മറ്റു വിസക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഉത്തരം: യാത്രയുടെ 48 മണിക്കൂർ ഉള്ളിലെ നെഗറ്റിവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് റിസൾട്ട്, സഊദിയിലേക്കുള്ള പ്രവേശന ഫോം ആയ മുഖീം രജിസ്‌ട്രേഷൻ, സാധുവായ വിസ, വാക്‌സിൻ എടുത്തവർ ആണെങ്കിൽ സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ വൗച്ചർ. തവക്കൽന ഡൗൺലോഡ് ചെയ്‌തു വെക്കുക, സഊദിയിൽ ഇറങ്ങിയ ശേഷം പാസ്പോർട്ട് നമ്പർ വെച്ച് രജിസ്റ്റർ ചെയ്യുക.
8: പുതിയ തൊഴിൽ വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഉത്തരം: യാത്രയുടെ 48 മണിക്കൂർ ഉള്ളിലെ നെഗറ്റിവ് പിസിആർ അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് റിസൾട്ട്, സഊദിയിലേക്കുള്ള പ്രവേശന ഫോം ആയ മുഖീം രജിസ്‌ട്രേഷൻ, സാധുവായ വിസ, വാക്‌സിൻ സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ വൗച്ചർ. സഊദിയിൽ നിന്ന് രണ്ട് വാക്‌സിൻ എടുത്തവർ ആണെങ്കിൽ ഇവർക്ക് ക്വാറന്റൈൻ ഇല്ലാതെ തന്നെ ഇറങ്ങാനാകും. ഇത്തരക്കാർ നേരത്തെ സഊദിയിൽ ഉണ്ടായിരുന്ന സമയത്ത് രണ്ട് ഡോസ് വാക്‌സിൻ എടുത്തതായി തെളിയിക്കുന്ന രേഖ അഥവാ സ്വിഹതി, തവക്കൽന സർട്ടിഫിക്കറ്റ് കാണിച്ച് ബോർഡിങ് സമയത്ത് ബോധ്യപ്പെടുത്തേണ്ടതാണ്.
9: ഇവർ സഊദിയിൽ എത്തിയ ശേഷം എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഉത്തരം: സഊദിയിൽ ഇറങ്ങിയ ഉടൻ തന്നെ പാസ്പോർട്ട് നമ്പർ വെച്ച് തവക്കൽന രജിസ്റ്റർ ചെയ്യുക. ഇഖാമ ലഭിച്ചയുടൻ അബഷിർ ആക്റ്റിവേറ്റ് ചെയ്യുക, സഊദി ആരോഗ്യ മന്ത്രാലയത്തിൽ നിങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് (സഊദിയിൽ നിന്ന് എടുത്തതോ, നാട്ടിൽ നിന്ന് എടുത്തതോ) അപ്ലോഡ് ചെയ്ത് അപ്രൂവലിനായി കാത്തിരിക്കുക. അപ്രൂവൽ ലഭ്യമായാൽ വീണ്ടും ഇഖാമ നമ്പർ വെച്ച് തവക്കൽന രജിസ്റ്റർ ചെയ്യുക.
10: മുഖീം രജിസ്ട്രേഷന് എന്തെല്ലാം രേഖകൾ ആണ് ആവശ്യം?
ഉത്തരം: ഇഖാമ/ പാസ്പോർട്ട് വിവരങ്ങൾക്കു പുറമെ ജനന തിയ്യതി, ഫ്ലൈറ്റ് നമ്പർ, ഫ്ലൈറ്റ് നെയിം, ഇറങ്ങുന്ന എയർപോർട്ട്, ഇറങ്ങുന്ന തിയ്യതി. രജിസ്ട്രേഷൻ ചെയ്യാനായി https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറി വാക്സിൻ, വിസ സ്റ്റാറ്റസ് അനുസരിച്ചു തങ്ങൾക്ക് അനുയോജ്യമായ ലിങ്ക് തിരഞ്ഞെടുക്കുക.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇