ബുറൈദ: മലയാളം ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ഭാഷകൾ ഈസിയാണ് ഈ സഊദി പൗരന്. മറ്റുള്ളവരുടെ ഭാഷകൾ സംസാരിക്കുന്നത് വ്യത്യസ്ത ജനതകളെയും വംശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പാലം പണിയുന്നതിന് തുല്യമാണെന്നാണ് മലയാളം ഉൾപ്പെടെയുള്ള മൂന്ന് ഇന്ത്യൻ ഭാഷകൾ വശമുള്ള സഊദി യുവാവ് അബ്ദുല്ല അൽ മുതൈരി പറയുന്നത്. ഇതിന്റെ വിശ്വാസത്തിലാണ് ഹിന്ദി, ഉറുദു, മലയാളം എന്നീ മൂന്ന് ഇന്ത്യൻ ഭാഷകൾ അദ്ദേഹം പഠിച്ചെടുത്തത്.
മൂന്ന് ഇന്ത്യൻ ഭാഷകൾ പഠിച്ചെങ്കിലും ഏറ്റവും കൂടുതൽ പാട് പെട്ടത് മ്മടെ സ്വന്തം മലയാളം പഠിക്കാനാണെന്നും അദ്ദേഹം പറയുന്നു. ഈ ഇന്ത്യൻ ഭാഷകളിലൊന്ന് പഠിക്കാനുള്ള അദ്ദേഹത്തിന്റെ പരീക്ഷണം വളരെ കടുപ്പമേറിയതും ബുദ്ധിമുട്ടുള്ളതുമായ ഒരു വെല്ലുവിളിയാണെന്ന പറഞ്ഞ മുതൈരി, “മലയാളം പഠിക്കുന്നത് എന്നെ അങ്ങേയറ്റം ക്ഷീണിതനാക്കി” എന്നാണ് പ്രതികരിച്ചത്.
തന്റെ ഡ്രൈവറിൽ നിന്നാണ് വിദേശ ഭാഷ പഠിക്കുന്നത് അൽ-മുതൈരി തുടക്കമിട്ടത്. ഡ്രൈവറെ അറബി പഠിപ്പിക്കുന്നതോടൊപ്പം പകരം ഉറുദു പഠിക്കുകയായിരുന്നു. രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുമായുള്ള ആശയവിനിമയത്തിലൂടെയാണ് ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടിയത്. ഇത് തന്റെ പതിനാറാം വയസ്സിലായിരുന്നു.
വാചികമായും വ്യാകരണപരമായും ഹിന്ദിയുമായി ഏറെ സാമ്യമുള്ള ഉറുദു പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ശ്രമം. ഗാർഹിക ഡ്രൈവറെ കുടുംബവീട്ടിൽ നിയമിച്ചതിന് ശേഷമായിരുന്നു ഇത്. ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദ് സ്വദേശിയാണ് ഡ്രൈവർ. അൽ-മുതൈരി അദ്ദേഹത്തിൽ നിന്ന് ഉറുദു പഠിച്ചപ്പോൾ പകരം ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു.
“ഡ്രൈവറുടെ ഭാഷ പഠിക്കാൻ ഞാൻ ആവേശഭരിതനായിരുന്നു, തുടർന്ന് അറബി പദങ്ങൾ ഉറുദുവിലേക്ക് വിവർത്തനം ചെയ്ത ഒരു പുസ്തകം ഞാൻ തയ്യാറാക്കി, ഇപ്പോഴും അത് എന്റെ പക്കലുണ്ട്. കാലക്രമേണ, സഊദി അറേബ്യയിലെ ഭൂരിഭാഗം പ്രവാസി തൊഴിലാളികളും ഹിന്ദി സംസാരിക്കുന്നതായി ഞാൻ കണ്ടെത്തി, ഹിന്ദു, ഉറുദു ഭാഷകൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഇതിനിടെയാണ് കൊച്ചു കേരളത്തിലെ മലബാർ സന്ദർശിക്കാൻ ഇടയാണ്. മലയാള ഭാഷ ഹിന്ദിയിൽ നിന്നും ഉർദുവിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അത് പഠിക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളി നേരിടേണ്ടി വന്നതായും അൽ മുതൈരി പറഞ്ഞു. ഇപ്പോൾ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുമായി അവരുടെ ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
പ്രവാസികളുടെ ഭാഷ പഠിച്ചതിന് ശേഷമുള്ള ഹൃദയസ്പർശിയായ അനുഭവവും അദ്ദേഹം വിവരിച്ചു. “ഇന്ത്യൻ സമൂഹത്തിന്റെ വലിയ സാന്നിധ്യത്തിന് പേരുകേട്ട അൽ-ഖസിം മേഖലയിലെ ബുറൈദയിലെ അൽ-ഖുബൈബ് മാർക്കറ്റിൽ നടക്കുന്നതിടെ ഒരു വൃദ്ധൻ ഇന്ത്യയിലെ തന്റെ കൊച്ചുകുട്ടികളുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടതാണ് ഒരു സംഭവം. അർബുദം കാരണം ജോലി ചെയ്യാൻ കഴിയാതിരുന്ന ആ വൃദ്ധൻ
മരണത്തിന് മുമ്പ് അവരുമായി വീണ്ടും ഒന്നിക്കാൻ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതാണ് വൃദ്ധനിൽ നിന്ന് കേൾക്കാനിടയായതെന്ന് മുതൈരി പറഞ്ഞു.
ഈ സംഭാഷണം കേട്ടയുടനെ, ആ മനുഷ്യനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും അത്താഴം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. പിന്നീട് ഇദേഹവുമായി നിരന്തരം ബന്ധം പുലർത്തി വരികയാണ്. മുതൈരി. കുറച്ച് മുമ്പ് അദ്ദേഹം രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചുവെന്ന് എന്നോട് വെളിപ്പെടുത്തിയതായും ഈ സംഭവം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണെന്നും മുതൈരി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന കൂടുതൽ ഭാഷകൾ പഠിക്കാൻ അൽ-മുതൈരി ഉത്സുകനാണ്, കൂടാതെ പേർഷ്യൻ ഭാഷ പഠിക്കാനും ആഗ്രഹമുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായി സംഭാഷണങ്ങൾ അവരുടെ സ്വന്തം ഭാഷകളിൽ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത് ഏവരെയും അമ്പരപ്പിക്കുന്നതാണ്.
അബ്ദുള്ള അൽ മുതൈരിയുടെ ടിക്ടോക് ലിങ്ക് 👇