ഏഴു ദിവസത്തിനുള്ളിൽ മടങ്ങുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

0
3029

തിരുവനന്തപുരം: ഹ്രസ്വകാലത്തേക്ക് വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാനത്തെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഏഴു ദിവസത്തിനുള്ളിൽ മടങ്ങുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്നാണ് സർക്കാർ അറിയിച്ചത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തണമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനം ആയി. ബൂസ്റ്റര്‍ ഡോസ് 42 ശതമാനമായി. 5,90,823 പേരാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തതെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടിയെടുക്കും. സൗകര്യമുണ്ടെങ്കില്‍ ചികിത്സ നല്‍കണം. ചികത്സക്ക് എത്തുന്നവരില്‍ ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന മതി. മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറഞ്ഞു. ഈ ആഴ്ച വ്യാപനത്തോത് 16 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും വീണ ജോർജ് പ്രതികരിച്ചു.