സഊദിയിലെ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്, എംബസിയുടെ പേരിൽ തട്ടിപ്പ്, ജാഗ്രത പാലിക്കണം

0
4204

റിയാദ്: സഊദിയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്. റിയാദ് ഇന്ത്യൻ എംബസിയുടെ പേരിലാണ് സോഷ്യൽ മീഡിയകളിൽ വ്യാജ അകൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചില വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടതായി എംബസിയുടെ ശ്രദ്ധയിൽ പെട്ടുവെന്നും തട്ടിപ്പിനെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. യാത്ര സൗകര്യം ഒരുക്കാമെന്ന വ്യാജേനയാണ് സന്ദേശങ്ങൾ ലഭിക്കുന്നത്.

ഇന്ത്യൻ പൗരന്മാർക്ക് സഹായം വാഗ്ദാനം ചെയ്യുമെന്ന് വാഗ്ദാനം നൽകിയാണ് പ്രവാസികളെ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തുന്നത്. ഇത്തരം അക്കൗണ്ടുകൾ റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധമില്ലെന്നും പ്രവാസികൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.

@embassy_support” എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും “ind_embassy.mea.gov@protonmail.com” എന്ന ഇമെയിൽ ഐഡിയിലൂടെയുമാണ് സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ക്രമീകരിക്കുന്നതിന് ചിലർ സന്ദേശങ്ങൾ അയച്ചും പണം പിരിച്ചും നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുന്നത്. ഈ തട്ടിപ്പിൽ വീഴരുതെന്ന് എംബസി മുന്നറിയിപ്പിൽ പറയുന്നു. “റിയാദിലെ ഇന്ത്യൻ എംബസിക്ക് “@embassy_support” എന്ന ട്വിറ്റർ ഹാൻഡിലുമായും “ind_embassy.mea.gov@protonmail.com” എന്ന ഇമെയിലുമായും യാതൊരു ബന്ധവുമില്ലെന്ന് എംബസി അറിയിപ്പിൽ വ്യക്തമാക്കി.

സഊദി അറേബ്യയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇക്കാര്യം അറിയിക്കുന്നുവെന്നും ഇന്ത്യൻ എംബസിയുടെ എല്ലാ ഔദ്യോഗിക ഇമെയിൽ ഐഡികൾ, ട്വിറ്റർ ഹാൻഡിൽ, ഫേസ്ബുക്ക് ഐഡി, ടെലിഫോൺ നമ്പറുകൾ തുടങ്ങിയവ എംബസിയുടെ ഔദ്യോഗിക സൈറ്റ് ആയ https://www.eoiriyadh.gov.in/ വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. സത്യസന്ധമല്ലാത്ത കേന്ദ്രങ്ങളുടെ കെണിയിൽ വീഴാതിരിക്കാൻ എംബസി വെബ്സൈറ്റിൽ ക്രോസ് വെരിഫൈ ചെയ്യാനും എംബസി എല്ലാവരോടും നിർദ്ദേശിച്ചു. എല്ലാ ഇന്ത്യൻ മിഷൻ ഇമെയിൽ ഐഡികളും @mea.gov.in എന്ന ഡൊമെയ്‌നിൽ അവസാനിക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിച്ചാൽ തന്നെ തട്ടിപ്പിൽ നിന്ന് ഒരു പരിധി വരെ ഒഴിവാക്കാം. നേരത്തെയും സമാനമായ തട്ടിപ്പ് അരങ്ങേറിയിരുന്നു.

ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ട് ആയ India in Saudi Arabia (ലിങ്ക് തുറന്നാൽ ട്വിറ്റർ കാണാം) അല്ലെങ്കിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്റർ അകൗണ്ട് ആയ India in Jiddah (ലിങ്ക് തുറന്നാൽ ട്വിറ്റർ കാണാം) എന്നിവയുമായി നേരിട്ട് തങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും വ്യക്തിഗത പങ്കിടൽ നടത്തുന്നതിനും സാധിക്കും.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup

ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്