അജ്മാൻ: യു.എ.ഇയിലെ അജ്മാനിൽ നിന്ന് സഊദിയിലേക്ക് ബസ് സർവീസ് തുടങ്ങി. സഊദിയിലെ സാപ്ട്‌കോയുടെ മൂന്ന് ബസുകളാണ് അജ്മാനിൽ നിന്ന് സർവീസ് നടത്തുക. ദിവസവും റിയാദ്, ദമാം, ജിദ്ദ, മക്ക നഗരങ്ങളിലേക്കാണ് അജ്മാനിൽ നിന്ന് ബസ് സർവ്വീസ്. 250 മുതൽ 600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അൽതല്ല ബസ് സ്റ്റേഷനിൽ നിന്നാണ് സഊദിയിലേക്കുള്ള ബസുകൾ പുറപ്പെടുക.

സഊദി വിസ കൈവശമുള്ളവർക്ക് ബസിൽ യാത്രതിരിക്കാം. സാധാരണക്കാരായ പ്രവാസികൾക്ക് യു.എ.ഇ- സഊദി യാത്രക്ക് ബസ് സർവീസ് വലിയ അനുഗ്രഹമാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. യു.എ.ഇ, സഊദി അതിർത്തിയിലേക്ക് ആറു മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന ബസ് റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും.
നിലവിൽ കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഒരു ബസിൽ 24 യാത്രക്കാർക്ക് മാത്രമാണ് അനുവാദം. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആർ നെഗറ്റീവ് പരിശോധന ഫലവും കൈവശം ഉണ്ടായിരിക്കണം.
ആദ്യദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് സഊദി സർവീസിന് ലഭിച്ചതെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇