സഊദിയില്‍ മാംസാഹാര സാധനങ്ങള്‍ക്ക് ഇനി ‘ഹലാല്‍’ സര്‍ട്ടിഫിക്കറ്റ് നിർബന്ധം

0
2602

ഹലാൽ അടയാളങ്ങൾ മാത്രം മതിയാകില്ല

റിയാദ്: സഊദി അറേബ്യയില്‍ വില്‍പനക്കെത്തുന്ന മാംസാഹാര സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.ഇറക്കുമതി ചെയ്യുന്നതടക്കമുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹലാല്‍ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സര്‍ട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാല്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പന്നങ്ങള്‍ക്കാണ് രാജ്യത്ത് അനുമതി നല്‍കുക.

പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. കോഴിയിറച്ചിയും ഇറച്ചിയും ഇവ ചേര്‍ത്തുള്ള ഉല്‍പന്നങ്ങളും അടക്കം സഊദി നിര്‍മിത ഉല്‍പന്നങ്ങള്‍ക്കും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും ഒരുപോലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് നീക്കം. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

ജെലാറ്റിന്‍, കൊളാജന്‍, വിവിധ തരം ചീസുകള്‍ നിര്‍മിക്കുന്ന അനിമല്‍ റെനെറ്റ്, അനിമല്‍ ഓയില്‍, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജൂലൈ ഒന്ന് മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup