ജിദ്ദ: നഗര സൗന്ദര്യവത്ക്കരണത്തിൻ്റെയും ചേരികൾ നീക്കം ചെയ്യുന്നതിൻ്റെയും ഭാഗമായി പൊളിച്ച് മാറ്റപ്പെട്ട കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗര സഭ അറിയിച്ചു. ജിദ്ദ നഗരസഭയും സ്റ്റേറ്റ് പ്രോപർട്ടീസ് ജനറൽ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
പ്രോപർട്ടീസ് ജനറൽ അതോറിറ്റിയുടെ ഓഫീസ് വഴിയും നഗരസഭയുടെ വെബ്സൈറ്റ് വഴിയും ജനുവരി 30 മുതലാണു പൊളിച്ച് മാറ്റിയ കെട്ടിടങ്ങൾക്കും ഭൂമിക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സ്വീകരിക്കൽ ആരംഭിക്കുക.
ആധാരമടക്കം രേഖകളുള്ള ഭൂമിയിലെ കെട്ടിടമാണെങ്കിൽ ഭൂമിക്കും കെട്ടിടത്തിനും നഷ്ടരിഹാരം ലഭിക്കും. എന്നാൽ, ശരിയായ രേഖകൾ ഇല്ലാത്തതാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ഉടമസ്ഥാവകാശ രേഖ, ഉടമസ്ഥൻ്റെ വിവരങ്ങൾ, ഉടമസ്ഥൻ്റെ ഐഡി കാർഡ് കോപ്പി, ഉടമസ്ഥൻ്റെ പകരക്കാരനാണെങ്കിൽ പകരക്കാരൻ്റെ ഐഡി യും പകരം ഉത്തരവാദിത്വം ഏൽപ്പിച്ചതിൻ്റെ രേഖയും നൽകണം.
അതോടൊപ്പം ലഭ്യമാണെങ്കിൽ കെട്ടിടത്തിൻ്റെ മുഴുവൻ ചിത്രം, ഇലക്ട്രിസിറ്റി ബിൽ കോപ്പി, കെട്ടിട നംബർ, സ്ഥലത്തിൻ്റെ ഏരിയൽ ഫോട്ടോയുണ്ടെങ്കിൽ അതും ഹാജരാക്കണം.
