റിയാദ്: ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ ഒരുക്കിയ റസ്റ്റോറന്റ് ശ്രദ്ധേയമാകുന്നു. റിയാദ് ബൊളിവാർഡ് സിറ്റിയിലാണ് ഹൊറർ സിനിമകളെപോലും അമ്പരപ്പിക്കും വിധം ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ റസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. ഭീതിതമായ അന്തരീക്ഷത്തിൽ ആസ്വദിച്ച് ഭക്ഷണം കഴിക്കാനായി ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കാണ്. “ഷാഡോസ്” എന്ന റസ്റ്റോറന്റ് ആണ് ഹൊറർ സിനിമാ പ്രേമികളെ പരിചരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. അസ്ഥികൂടങ്ങളുടെയും തലയോട്ടികളുടെയും രക്തത്തിന്റെയും അടുത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രത്യേക തരത്തിൽ വസ്ത്രങ്ങൾ ധരിച്ച ജീവനക്കാരുടെ ഇന്ററാക്ടീവ് ഷോകളിൽ പങ്കെടുക്കുമ്പോൾ തന്നെ അവരുടെ വിഭവങ്ങൾ ആസ്വദിക്കാനും ഇവിടെ പോകുന്നവർക്ക് സാധിക്കും. ചുറ്റിലുമുള്ള ഭയപെപടുത്തുന്ന അന്തരീക്ഷം ഒരു പക്ഷെ, പലർക്കും ഹരമാണെന്നാണ് ഇവിടെ സന്ദർശിക്കുന്ന ആളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
“ഞാൻ ഇവിടെ വന്നത് ആസ്വദിക്കാനും ചിരിക്കാനും സന്തോഷിക്കാനുമാണ്, എന്നാൽ ഇവിടുത്തെ അന്തരീക്ഷവും പ്രത്യേക ഷോകളും യഥാർത്ഥത്തിൽ വളരെ ഭയാനകമാണ്,” ഇവിടെ സന്ദർശനം നടത്തിയ നോറ അൽ-അസാദ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞതായി അൽ അറബിയ ചാനൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടതോടെ വിശപ്പ് തന്നെ നഷ്ടപ്പെട്ട കഥയും ചിലർ വിവരിക്കുന്നുണ്ട്. “എനിക്ക് എന്റെ വിശപ്പ് നഷ്ടപ്പെട്ടുവെന്നാണ് ഹ്യൂമൻ റിസോഴ്‌സിൽ ജോലി ചെയ്യുന്ന 26-കാരി പറഞ്ഞത്. യുവതിക്ക് ആവശ്യമായ ഭക്ഷണം ഒരു ട്രേയിൽ പുഞ്ചിരിക്കുന്ന കറുത്ത തലയോട്ടിയോടൊപ്പമാണ് സമ്മാനിച്ചിരുന്നത്. എന്നാൽ, യുവതിയുടെ സുഹൃത്ത്ഡോ: ജവഹർ അബ്ദുല്ല അത്താഴം കഴിക്കുന്നതിൽ കൂടുതൽ ആവേശഭരിതനായിരുന്നു.
“എനിക്ക് പൊതുവെ ഹൊറർ ഇഷ്ടമാണ്, ഇത്തരത്തിലുള്ള അന്തരീക്ഷം മികച്ചതും വളരെ രസകരവുമാണെന്ന് ഞാൻ കരുതുന്നു, വ്യാജ രക്തസ്രാവമുള്ള നെഞ്ചിൽ മുറിവുള്ള ഒരു അവതാരകനോടൊപ്പം ഒരു സെൽഫി എടുക്കുന്നതിനിടെ യുവതി കൂട്ടിച്ചേർത്തു.
ബിസിനസുകാരനായ സുലൈമാൻ അൽ അംരിയെ സംബന്ധിച്ചിടത്തോളം, ഈ ഹൊറർ റെസ്റ്റോറന്റ് നല്ല അനുഭവമാണ്. “ഞങ്ങൾ എപ്പോഴും റിയാദിൽ പുതിയതും ആവേശകരവുമായ കാര്യങ്ങൾക്കായി തിരയുകയാണ്,” കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന 45 കാരനായ അദ്ദേഹം പറഞ്ഞു.
2017 മുതൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിവിധ ആകർഷകമായ പദ്ധതികൾക്ക് രാജ്യം തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020-ൽ സഊദി അറേബ്യ വിനോദ സഞ്ചാരികൾക്കായി അതിന്റെ വാതിലുകൾ തുറന്നിരുന്നു. മുൻകാലങ്ങളിൽ, സഊദികൾ വിനോദത്തിനായി വിദേശ രാജ്യങ്ങളിലേക്കാണ് പോയിരുന്നത്. എന്നാൽ സിനിമാശാലകളും മിശ്ര-ലിംഗ കച്ചേരികളും ഉൾപ്പെടെയുള്ള വിവിധ വിനോദ സാംസ്‌കാരിക പരിപാടികൾ രാജ്യത്ത് സംഘടിപ്പിച്ചതോടെ സഊദി അറേബ്യ ഇപ്പോൾ പ്രത്യേക വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇