കിഴക്കൻ സഊദിയിലെ ജുബൈലിലാണ് പ്ലാന്റ് ഉയരുന്നത്
ദമാം: സഊദി അറേബ്യയിൽ ഇനി പാസഞ്ചർ കാറുകളുടെയും നിർമ്മാണം നടക്കും. കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലാണ് രാജ്യത്തെ ആദ്യ കാർ പ്ലാന്റ് ഉയരുന്നത്. 2023 ഓടെ ഇവിടെ നിന്ന് ആദ്യ കാർ നിർമ്മാണം പൂർത്തിയായി പുറത്തിറക്കാനാണ് പദ്ധതി. രാജ്യത്തെ ആദ്യത്തെ പാസഞ്ചർ കാർ അസംബ്ലി പ്ലാന്റിന് ജുബൈൽ റോയൽ കമ്മീഷൻ സിഇഒ ഡോ: അഹമ്മദ് അൽ ഹുസൈൻ ജുബൈലിൽ തറക്കല്ലിട്ടു.
വിഷൻ 2030 ന്റെ ഭാഗമായി വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തിന്റെയടിസ്ഥാനത്തിലാണ് കാർ നിർമ്മാണ ഫാക്ടറി ഉയരുന്നതെന്ന് സഊദി നാഷണൽ ഓട്ടോമോട്ടീവ് കമ്പനി “സനം” സിഇഒ ഡോ: ഫഹദ് അൽ ദുഹൈഷ് വിശദീകരിച്ചു. കൊറിയൻ കമ്പനിയായ സാങ്‌യോങ്ങുമായി ചേർന്നാണ് കാർ നിർമ്മിക്കുന്നത്. ഏഴു യാത്രക്കാരെ ഉൾകൊള്ളുന്ന ഫാമിലി കാറുകൾ, നീളവും ചെറുതുമായ ടാങ്കുകൾ ഉൾകൊള്ളുന്ന രണ്ട് ക്യാബുകൾ ഉള്ള ട്രക്കുകൾ എന്നിങ്ങനെ രണ്ട് തരം വാഹനങ്ങളാണ് നിർമ്മിക്കുക.
ഫാക്ടറിയുടെ ആദ്യ ഉൽപ്പാദനം 2023 ന്റെ രണ്ടാം പകുതിയിൽ ആയിരിക്കും ഉണ്ടാവുക. വർഷത്തിൽ അയ്യായിരം മുതൽ പതിനായിരം കാറുകൾ എന്ന നിരക്കിൽ ആരംഭിക്കുന്ന നിർമ്മാണം പിന്നീട് മുപ്പതിനായിരം കാറുകളുടെ ശേഷിയിലേക്ക് ഉയർത്താനാണ് പദ്ധതി.
ഫാക്ടറിയിൽ ആദ്യ ഘട്ടത്തിൽ 700 നേരിട്ടുള്ള ജോലികളും ഫാക്ടറിക്ക് പുറത്ത് 3,000 പരോക്ഷ ജോലികളും ലഭ്യമാകും.
ആദ്യ ഘട്ടത്തിൽ പ്രാദേശിക വസ്തുക്കൾ 10 ശതമാനവും പിന്നീട് ഘട്ടം ഘട്ടമായി തുടർ വർഷങ്ങളിൽ 30 ശതമാനവും ആക്കി ഉയർത്തും. കൊറിയൻ കമ്പനിയായ സാങ്‌യോങ്ങുമായുള്ള പങ്കാളിത്തത്തിൽ വരുന്ന നിർമ്മാണ കമ്പനിയുടെ രണ്ടാം ഘട്ടത്തിൽ പ്രാദേശികമായി അമ്പത് ശതമാനം കവിയുന്നതോടെ സഊദി ബ്രാൻഡ് എന്ന നിലയിൽ ആയിരിക്കും കാറുകൾ പുറത്തിറങ്ങുക.
വീഡിയോ 👇
വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/L5II26LavYGDxwfwgoL1j0
സഊദിയിൽ ഇനി ഇലക്ട്രിക് കാറുകളുടെ യുഗം, നിർമ്മാണം ആരംഭിക്കാൻ ലൂസിഡ്