കരുളായി പ്രവാസി സംഘം പതിമൂന്നാം വാർഷികം ആഘോഷിക്കുന്നു

ജിദ്ദ: ഒരു വ്യാഴ വട്ടം പൂർത്തിയാക്കിയ കരുളായി പ്രവാസി സംഘം പതിമൂന്നാം വാർഷികം ആഘോഷിക്കുന്നു.
സഊദി അറേബ്യയുടെ പടിഞ്ഞാറൻ പ്രാവിശ്യയിലെ കരുളായി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയാണ് കരുളായി പ്രവാസി സംഘം. വിവിധ പരിപാടികളോടെ സംഘത്തിൻ്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്നതിന് ഷറഫിയയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജിദ്ദ, മക്ക, തായിഫ്, റാബക്, യാമ്പു മേഖലകളിലുള്ളവരാണ് ജിദ്ദാ കെ.പി.എസിനു കീഴിൽ അംഗങ്ങളായിട്ടുള്ളത്. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, വിനോദ-പഠന- ജല യാത്രകൾ, ഫുട്ബോൾ ടൂർണ്ണമെൻറുകൾ, വില്ലാ മീറ്റുകൾ, ഇഫ്താർ, കുടുംബ സംഗമങ്ങൾ തുടങ്ങി പ്രവാസി ക്ഷേമത്തിനാവശ്യമായ വ്യത്യസ്ത കാര്യ പരിപാടികൾ സംഘം സംഘടിപ്പിച്ചു വരുന്നു.
കൊവിഡു കാലത്ത് സാധ്യമായ പരമാവധി സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ കെ.പി.എസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

പതിമൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെംബർഷിപ്പ് ക്യാമ്പയിൻ, ഫുട്ബോൾ ടൂർണ്ണമെൻ്റ്, പഠന യാത്ര, വില്ലാമീറ്റ് എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കരുളായി പാലിയേറ്റീവിനു വേണ്ടിയുള്ള കലക്ഷൻ ഊർജ്ജിതമാക്കാനും, നാട്ടിലെ രണ്ടു കിഡ്നി രോഗികൾക്ക് പരമാവധി സംഖ്യ സ്വരൂപിച്ചു നൽകാനും തീരുമാനിച്ചു.

മെംബർഷിപ്പ് ക്യാംപയിൻ സീനിയർ മെംബറായ അമീർ ചുള്ളിയന് ആദ്യ അംഗത്വം നൽകി വൈസ് പ്രസിഡണ്ട് അബ്ബാസ് പൂന്തിരുത്തി നിർവഹിച്ചു. ക്യാംപയിന് മേൽനോട്ടം വഹിക്കാൻ ട്രഷറർ വി.കെ മജീദിനെ ചുമതലപ്പെടുത്തി. ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ പ്രാഥമിക ചുമതല മുൻഫർ, അജിഷ്, റിയാസ് പുള്ളിയിൽ, സാബിൽ, റഫീഖ് എന്നിവർക്ക് നൽകി.

യോഗത്തിൽ പ്രസിഡണ്ട് നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. എൻ. കെ അബ്ബാസ്, അബ്റാർ, സിറാസ്, താജാറിയാസ്, സഫറലി, സുഹൈൽ, ഹംസ കിളിയമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി മുർഷിദ് സ്വാഗതവും സെക്രട്ടറി സി. പി. റഫീഖ് നന്ദിയും പറഞ്ഞു.