പാസ്പോർട്ട് പുതുക്കാൻ ഇഖാമ കാലാവധി: ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ

0
6353

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞ നിരവധി പ്രവാസികൾ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ. സഊദിയിലെ ഇന്ത്യൻ എംബസിയുടെ തീരുമാനം മൂലം നിരവധി പ്രവാസികളാണ് ദുരിതത്തിലാകുന്നത്. നിരവധി പ്രതിസന്ധികൾക്കിടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നതിനിടെ ഇഖാമ കാലാവധിയും കഴിഞ്ഞ പ്രവാസികളെയാണ് ഇത്‌ വെട്ടിലാക്കുന്നത്. ഇന്ത്യൻ പൗരന്‍റെ ആധികാര രേഖ പുതുക്കാൻ വിദേശരാജ്യത്തെ താമസ രേഖയും ആവശ്യമാണന്ന നിബന്ധന അടുത്തകാലത്തുണ്ടായതാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടവർക്കാണ് ഈ നിബന്ധന എന്നാണ് എംബസിയുടെ വിശദീകരണം.

നിലവിൽ പല കമ്പനികളും കൊറോണ, സ്വദേശിവൽക്കരണ പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നതിനാൽ ജീവനക്കാരുടെ ഇഖാമ സമയത്തു പുതുക്കാൻ കഴിയാതെ വരുന്നുണ്ട്. ഇതിന്റെ ദുരിതം നേരിടുന്നതിനിടെയാണ് കാലവധി അവസാനിച്ച പാസ്‌പോർട്ട് പുതുക്കുന്നതിന് എംബസിയെ സമീപിക്കുമ്പോൾ ഇഖാമ കാലാവധിയില്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയില്ലെന്നു അറിയിക്കുന്നത്. സഊദിയിൽ വിദേശ തൊഴിലാളികളുടെ ഇഖാമ ലഭ്യമാക്കുന്നതും പുതുക്കുന്നതുമെല്ലാം തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാൽ, നിരവധി സ്ഥാപനങ്ങളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകാനാവാത്ത അവസ്ഥ ചില കമ്പനികൾ നേരിടുന്നുണ്ട്. ഇതിനിടെ, സ്വദേശിവൽക്കരണ തോത് പൂർത്തിയാക്കാത്ത കമ്പനികൾക്ക് തൊഴിലാളികളുടെ രേഖ പുതുക്കാൻ കഴിയാത്ത നിയമതടസ്സവും നില നിൽക്കുന്നതിനാൽ ഇഖാമ പുതുക്കാൻ കാല താമസം നേരിടുന്നുണ്ട്. ഇതിനിടയിലാണ് പാസ്പോർട്ട് പുതുക്കാൻ സഊദി ഇഖാമയുടെ കാലാവധി മാനദണ്ഡമാക്കിയിരിക്കുന്നത്.

ഓരോ ഇന്ത്യൻ പൗരന്‍റെയും അവകാശമായ പാസ്സ്‌പോർട്ട് പുതുക്കുന്ന നടപടികളിൽ ഒരു തരത്തിലും സഊദി സർക്കാർ ഇടപെടുന്നില്ല. പൂർണമായും ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും മാത്രം നിയന്ത്രിക്കുന്ന നടപടിക്രമങ്ങൾ മാത്രമാണ് അതിലുള്ളത്. എന്നിട്ടും പാസ്സ്‌പോർട്ട് പുതുക്കുന്നതിന് സഊദി ഇഖാമയുടെ കാലാവധി മാനദണ്ഡമാക്കിയത് എന്തിനാണെന്ന് പ്രവാസികൾ ചോദ്യമുയർത്തുന്നത്. നിലവിൽ തൊഴിലാളിയനുകൂല നിയമങ്ങൾ നിലനിൽക്കുന്ന സഊദിയിൽ ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ പുതിയ സ്പോൺസറെ സ്വന്തം നിലക്ക് കണ്ടെത്താൻ കഴിയും. എന്നാൽ പാസ്പോർട്ടിന് കാലാവധിയില്ലെങ്കിൽ സ്പോൺസർഷിപ്പ് മാറുന്നതിന് തടസ്സമുണ്ട്. ഒട്ടേറെ പ്രവാസികളാണ് പാസ്പോർട്ട് പുതുക്കാനാവാതെ കഷ്ടപ്പെടുന്നത്. അതെസമയം സഊദിയിലും കുവൈത്തിലും ഒഴികെ ഈ നിബന്ധന യു.എ.ഇ ഉൾപ്പടെ മറ്റ് രാജ്യങ്ങളിലൊന്നുമില്ലെന്നാണ് വിവരം.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O