നീണ്ട ഇടവേളക്ക് ശേഷം സഊദിയിൽ നാളെ 35 ലക്ഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

0
2608

റിയാദ്: കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സഊദിയിൽ മുഴുവൻ വിദ്യാർഥികളും ക്ളാസുകളിലേക്ക്. നീണ്ട ഓൺലൈൻ പ്രാഥമിക, കിന്റർഗാർട്ടൻ തലങ്ങളിലെ വിദ്യാർത്ഥികളടക്കമാണ് നാളെ സ്‌കൂളുകളിലേക്ക് എത്തുക. രാജ്യത്തെ 13,000-ലധികം പ്രൈമറി സ്‌കൂളുകളിലും 4,800 കിന്റർഗാർട്ടനുകളിലുമായി പ്രാഥമിക, കിന്റർഗാർട്ടൻ തലങ്ങളിലുള്ള മൊത്തം 3.5 ദശലക്ഷം വിദ്യാർത്ഥികൾ ആണ് ഞായറാഴ്ച ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് മടങ്ങിയെത്തുക. മഹാവ്യാധിയുടെ ഭീതി കാരണം ഓൺലൈൻ വിദ്യാഭ്യാസം നീണ്ട കാലം തുർന്നാൽ വിദ്യാർഥികൾക്ക് അവരുടെ ബഹുമുഖമായ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണെന്ന ‘യൂനിസെഫ്’വിലയിരുത്തൽ കൂടി പരിഗണിച്ചാണ് മുഴുവൻ സ്‌കൂളുകളും തുറക്കാനുള്ള തീരുമാനം. സ്‌കൂളുകൾ അടച്ചിട്ട് വിദ്യാഭ്യാസ രംഗം താളം തെറ്റിക്കരുതെന്നും യൂനിസെഫ് നിർദേശത്തിലുണ്ട്.

കടുത്ത മുൻകരുതൽ നടപടികൾ പാലിച്ചാണ് കുട്ടികളെ സ്‌കൂളുകളിൽ തിരിച്ചെത്തിക്കുന്നത്. കൊവിഡ് കേസുകൾ ഇപ്പോഴും രാജ്യത്തുണ്ടെങ്കിലും പക്വതയോടെ കൈകാര്യം ചെയ്തതിന്റെ ഫലമായാണ് വിദ്യാർത്ഥികൾക്ക് ക്ളാസുകളിലേക്ക് മടക്കം സാധ്യമാക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ പ്രത്യേക നടപടികളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും വ്യക്തിപരമായി തിരിച്ചുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉറപ്പുനൽകൽ, സ്കൂളിൽ മുൻകരുതൽ നടപടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഇടപഴകാനുള്ള വിദ്യാർത്ഥികളുടെ പ്രചോദനം വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പദ്ധതി തന്നെ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബങ്ങളുമായും മാതാപിതാക്കളുമായും ആശയവിനിമയം സജീവമാക്കുന്നതിനും അവരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉത്തരം നൽകുന്നതിനും പുറമേയാണ് ഈ പദ്ധതികൾ.

ആരോഗ്യകരവും സുരക്ഷിതവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ഞായറാഴ്ച വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യാൻ തുടങ്ങും. സ്വാഗത ബാനറുകളിലൂടെയും ബോധവൽക്കരണ പോസ്റ്ററുകളിലൂടെയും വിദ്യാർത്ഥികൾക്കായി, പ്രത്യേകിച്ച് പ്രാഥമിക, കിന്റർഗാർട്ടൻ തലങ്ങളിലെ പ്രൈമറി ക്ലാസുകളിൽ പുതിയവയ്ക്ക് സ്വീകരണ പരിപാടികൾ സ്കൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രവിശ്യ ആസ്ഥാനങ്ങളും സ്ഥാപനങ്ങളും പ്രത്യേക സ്വീകരണ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ജാഗ്രത കൈക്കൊള്ളുന്നതിന്‍റെ ഭാഗമായി അടച്ചിട്ട രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിൽ ഇന്‍റർമീഡിയറ്റ്, സെക്കൻഡറി, സർവകലാശാല തലങ്ങളിൽ കഴിഞ്ഞ ആഗസ്റ്റ് 29 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒക്ടോബർ 31ന് മറ്റു തലങ്ങളിലുള്ള സ്‌കൂളുകളും തുറന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുറക്കുന്ന തീയതി നീട്ടുകയും ‘മദ്റസത്തീ’എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തിന്‍റെയും ‘റൗദത്തീ’പ്ലാറ്റ്ഫോമിലൂടെ നഴ്‌സറി വിഭാഗത്തിന്‍റെയും ഓൺലൈൻ പഠനം തുടരുകയായിരുന്നു.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O