റിയാദ്: സഊദി അറേബ്യയിലെ ഐതിഹാസികവും സാംസ്‌കാരികവുമായ കൊട്ടാരങ്ങളുടെ ശേഖരം നിയന്ത്രിക്കുകയും അത്യാഡംബരമാക്കി മാറ്റുകയും ചെയ്യുന്ന പുതിയ ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ‘ബൂതിക് ഗ്രൂപ്പ്’ പ്രവർത്തനം ആരംഭിച്ചു. സഊദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ചെയർമാനും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് വ്യാഴാഴ്ച ബൂതിക് ഹോട്ടലുകൾക്ക് തുടക്കമിട്ടത്.
അതിഥികൾക്ക് സവിശേഷമായ ഹോസ്പിറ്റാലിറ്റി അനുഭവവും അതുല്യമായ സേവനവും പ്രദാനം ചെയ്യുന്നതിനും സഊദിയിലെ അൾട്രാ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി മേഖല വളർത്തുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും സംഭാവന നൽകുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെ ബൂതിക് ഗ്രൂപ്പ് രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും സമന്വയിപ്പിക്കും. സഊദി അറേബ്യയുടെ ഊർജ്ജസ്വലമായ പൈതൃകത്തെയും സംസ്‌കാരത്തെയും പുനഃരുജ്ജീവിപ്പിച്ച് പുതിയതും അതുല്യവുമായ ആതിഥേയ അനുഭവം സൃഷ്ടിക്കുന്നതായിരിക്കും പുതിയ ഹോട്ടൽ പദ്ധതി.
ജിദ്ദയിൽ 33 ലക്ഷ്വറി പാലസ് സ്യൂട്ടുകളും 44 ആഡംബര വില്ലകളും ഉൾപ്പെടെ 77 കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന അൽ ഹംറ പാലസ് ഉൾപ്പെടെ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചരിത്രപരമായ മൂന്ന് കൊട്ടാരങ്ങളുടെ വികസനത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുക.

തുവൈഖും റെഡ് പാലസുമാണ് റിയാദിലെ ആദ്യ ഘട്ട വികസനത്തിൽ ഉൾപ്പെടുക. 40 ലക്ഷ്വറി പാലസ് സ്യൂട്ടുകളും 56 ആഡംബര വില്ലകളും ഉൾപ്പെടെ 96 കേന്ദ്രങ്ങൾ തുവൈഖ് പാലസ് നൽകും. 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളും ഉൾപ്പെടെ 71 കേന്ദ്രങ്ങളാണ് റെഡ് പാലസ് ഒരുക്കുക.
ഓരോ അതിഥിക്കും ഡൈനിംഗ് മുതൽ വെൽനസ് വരെയുള്ള എക്‌സ്‌ക്ലൂസീവ് സേവനങ്ങൾ വരെയുള്ള നിരവധി ഉയർന്ന അനുഭവങ്ങളും കമ്പനി വാഗ്ദാനം ചെയ്യും. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കാനും എണ്ണ ഇതര ജിഡിപി വളർച്ചയ്ക്ക് സംഭാവന നൽകുന്നതിലും ഏറെ ഗുണകരമാകരുന്നതാണ് ബൂതിക് സമാരംഭം എന്ന് പിഐഎഫ് ഗവർണർ യാസിർ അൽ-റുമയ്യൻ പറഞ്ഞു. .
രാജ്യത്തെ സവിശേഷമായ ടൂറിസം മേഖലകളും ഇതോടൊപ്പം വർദ്ധിക്കും. പ്രമുഖ പ്രാദേശിക, അന്തർദേശീയ ടൂറിസം, സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ സഊദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും സഊദി വിഷൻ 2030 ലേക്ക് സംഭാവന നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.