റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ പരസ്‌പരം ബന്ധിപ്പിക്കാൻ നീക്കം തുടങ്ങി. ജിസിസി അംഗ രാജ്യങ്ങളായ സഊദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, കുവൈത് എന്നീ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ യോഗം ചേർന്നു. പത്താമത്തെ യോഗമാണ് ഇന്ന് വീഡിയോ കോൺഫറൻസ് വഴി ചേർന്നത്.
സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഹസ്സ അൽ ഹജ്‌രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗതാഗത നിയമലംഘനങ്ങൾ ജിസിസി രാജ്യങ്ങളിലെ ട്രാഫിക് വകുപ്പുകൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഇതിലെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള ഏകോപനത്തിന്റെ സാധ്യതകളും അവ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ അനുഭവങ്ങളും രാജ്യങ്ങൾ അവലോകനം ചെയ്‌തു.
ഇത് യാഥാർഥ്യമായാൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്വന്തം വാഹനങ്ങളുമായി സന്ദർശനം നടത്തുന്ന വേളയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ ഉണ്ടായാൽ തിരിച്ചെത്തിയാലും അടച്ചു വീട്ടുവാനും സ്വന്തം രാജ്യങ്ങളിലെ പോലെ തന്നെ പിഴകൾ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുന്നതിലേക്കും ഗവണ്മെന്റ് സേവനങ്ങൾ തടയപ്പെടുന്നതിലേക്കും കാര്യങ്ങൾ എത്തിയേക്കും.