സഊദിയിലെ ചരിത്രപരമായ ആദ്യ വിധി; ലൈംഗികാതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് നാണം കെടുത്താൻ കോടതി ഉത്തരവ്

0
3097

റിയാദ്: സഊദി അറേബ്യയിൽ ലൈംഗിക പീഡനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് ജയിൽ ശിക്ഷയും പിഴയും കൂടാതെ പൊതുസ്ഥലത്ത് പേര് പറഞ്ഞും അപമാനിക്കലും ശിക്ഷ വിധിച്ചു. ലൈംഗികപീഡനക്കേസിൽ കുറ്റവാളികളെ കണ്ടെത്താനും അവരുടെ വ്യക്തിവിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനുമുള്ള നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതിന് ശേഷം ഒരു കുറ്റവാളിയെ പേരെടുത്ത് നാണം കെടുത്താൻ സഊദി കോടതി പുറപ്പെടുവിച്ച ആദ്യ വിധിയാണിത്.

മദീനയിലെ ക്രിമിനൽ കോടതിയാണ് ലൈംഗികാതിക്രമക്കേസിൽ യാസർ മുസ്‌ലിം അൽ അറവിക്ക് എട്ട് മാസം തടവും 5,000 റിയാൽ പിഴയും വിധിച്ചത്. ഇതിന് പുറമെയാണ് പ്രതിയുടെ പേര് വിവരങ്ങൾ പൊതുസ്ഥലത്ത് പരസ്യപ്പെടുത്തി നാണം കെടുത്താൻ വിധിച്ചത്.

2021 ജനുവരിയിൽ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് രാജ്യത്തിന്റെ പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6-ലേക്ക് കൂട്ടിച്ചേർത്താണ് ലൈംഗിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ അംഗീകാരം നൽകിയത്.

ഇത്തരം ശിക്ഷയുടെ സംഗ്രഹം ഒന്നോ അതിലധികമോ പ്രാദേശിക പത്രങ്ങളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉചിതമായ മാർഗത്തിലോ, കുറ്റവാളിയുടെ ചെലവിൽ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിൽ അതിന്റെ സ്വാധീനവും അനുസരിച്ച് ഇത് ചെയ്യാമെന്നാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതോടൊപ്പം, തെറ്റായ പീഡന പരാതികൾ നൽകുന്നവർക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.