കൊറോണക്കിടെ സീസണൽ ഇൻഫ്ലുവൻസയും; എങ്ങനെ തിരിച്ചറിയാം? സഊദി ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു

0
2897

റിയാദ്: കൊറോണ വൈറസ്, ഇൻഫ്ലുവൻസ, ജലദോഷം എന്നിവ തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങൾ സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവ തമ്മിൽ എളുപ്പത്തിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്. ഇവയിൽ പലതും നേരിയതോ കഠിനമോ ആയ ലക്ഷണങ്ങളായിരിക്കാം.

തണുപ്പ്കാലത്ത് ജലദോഷം, ഇൻഫ്ലുവൻസ, കൊറോണ തുടങ്ങിയ വൈറൽ രോഗങ്ങൾ പെരുകുന്നു. ജലദോഷത്തിന് കാരണമായേക്കാവുന്ന നിരവധി വൈറസുകളുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്. കൂടാതെ പലപ്പോഴും സാധാരണ ലക്ഷണങ്ങളായ ചുമ, മൂക്കൊലിപ്പ് എന്നിവ സാധാരണമാണെന്നും ഇവക്ക് ആശുപത്രി സന്ദർശനം ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ശ്വാസതടസ്സം, ഗന്ധവും രുചിയും നഷ്ടപ്പെടൽ തുടങ്ങി കൊറോണയുടെ സാധാരണ ലക്ഷണങ്ങൾ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമെന്നും വാക്സിനേഷൻ ഡോസുകൾ പൂർത്തിയാക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

തലവേദന, പൊതുവായ അലസത, വിറയൽ, ജലദോഷം തുടങ്ങിയ സാധാരണ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ന്യുമോണിയയ്ക്ക് കാരണമായേക്കാമെന്നും സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കുന്നതിലൂടെ സങ്കീർണതകൾ തടയാൻ കഴിയുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.