റിയാദ്: സഊദി പണ്ഡിതസഭാ അംഗവും പ്രമുഖ പണ്ഡിതനുമായ ശൈഖ് സ്വാലിഹ് മുഹമ്മദ് അൽ ലുഹൈദാൻ അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് റിയാദിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. നിരവധി ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
1931ൽ ഖസീം മേഖലയിലെ ബുക്കൈരിയ നഗരത്തിൽ ജനിച്ച ശൈഖ് സ്വാലിഹ് 1959ൽ റിയാദിലെ ശരീഅ കോളജിൽ നിന്ന് ബിരുദം നേടി. ബിരുദാനന്തരം മുൻ ഗ്രാൻഡ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽശൈഖിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം പിന്നീട് ദഅ്‌വ, ശരീഅത്ത്, ജുഡീഷ്യറി മേഖലകളിൽ സേവനത്തിലേർപ്പെട്ടു.
1963ൽ റിയാദിലെ സുപ്രീം കോർട്ട് തലവന്‍റെ അസിസ്റ്റന്റായും 1964ൽ കോടതി തലവനുമായി. 1970 ൽ ജഡ്ജിയായും സുപ്രീം ജുഡീഷ്യൽ ബോർഡ് അംഗമായും നിയമിക്കപ്പെട്ടു. 2009 വരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ തലവനുമായിരുന്നു. 1983 ൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ സ്ഥിരം സമിതി ചെയർമാനായി. 1971 ൽ മുതിർന്ന പണ്ഡിത കൗൺസിൽ സ്ഥാപിതമായതു മുതൽ അംഗവും മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) അംഗവുമാണ്.