യുഎഇ ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തു, വിട്ടു നൽകിയില്ലെങ്കിൽ ബലപ്രയോഗം വേണ്ടി വരുമെന്ന് അറബ് സഖ്യം മുന്നറിയിപ്പ്

0
2731

റിയാദ്: ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യ യുഎഇ പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ പിടിച്ചെടുത്തു. യെമൻ തുറമുഖ നഗരമായ ഹുദൈദ നഗരത്തിൽ നിന്നാണ് കപ്പൽ തട്ടിയെടുത്തതെന് അറബ് സഖ്യ വക്താവ് വ്യക്തമാക്കി. സോകോട്ര ദ്വീപിൽ സഊദി അറേബ്യ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള ഉപകരണങ്ങളുമായി സോകോട്ര ദ്വീപിൽ നിന്ന് ജസാൻ തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് യുഎഇ പതാക വഹിച്ചിട്ടുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതായി ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരി സ്ഥിരീകരിച്ചു. ആംബുലൻസ് വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, ടെന്റുകൾ, പാചക വസ്‌തുക്കൾ, അലക്കു ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ എന്നിവ തിരികെ കൊണ്ടുപോകുകയായിരുന്നു കപ്പൽ.

കപ്പൽ ഉടൻ വിട്ടു നൽകാൻ ഹൂതികളോട് സഖ്യസേന ആഹ്വാനം ചെയ്‌തു. അല്ലെങ്കിൽ ആവശ്യമെങ്കിൽ നടപടികൾ നേരിടേണ്ടി വരുമെന്നും അറബ് സഖ്യം മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ കപ്പൽ വിട്ടുനൽകണം, അല്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെ ഈ ലംഘനം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സഖ്യസേന ഏറ്റെടുക്കുമെന്നു സഖ്യ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി. കപ്പൽ ഹൈജാക്ക് ചെയ്തതിനെ ജോർദാൻ അപലപിച്ചു.

ബാബ് അൽ മന്ദബ് കടലിടുക്കിലെയും തെക്കൻ ചെങ്കടലിലെയും സമുദ്ര നാവിഗേഷന്റെയും ആഗോള വ്യാപാരത്തിന്റെയും സ്വാതന്ത്ര്യത്തിന് തീവ്രവാദ സംഘം ഉയർത്തുന്ന യഥാർത്ഥ ഭീഷണിയെയാണ് ഹൂതി മിലിഷ്യയുടെ ഈ കപ്പൽ ഹൈജാക്കിംഗ് ഓപ്പറേഷൻ വ്യക്തമാക്കുന്നതെന്ന് അൽ-മാലികി പറഞ്ഞു.

അതിനിടെ, ഡ്രോണുകളും ലോഞ്ച് പാഡുകളും സൂക്ഷിക്കുന്നതിനുള്ള ഹൂതികളുടെ യെമന്റെ തലസ്ഥാനമായ സേനായിലെ നാല് കേന്ദ്രങ്ങളിൽ സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബർ 25 ശനിയാഴ്ച സഖ്യസേനയുടെ ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യയിലെ മൂന്ന് അംഗങ്ങൾ നഗരത്തിന് വടക്ക് പടിഞ്ഞാറ് സൈനിക വാഹനത്തിൽ യാത്ര ചെയ്യവേ കൊല്ലപ്പെട്ടു. ഡിസംബർ 24 വെള്ളിയാഴ്ച, സഊദി നഗരമായ ജസാനിൽ ഹൂത്തികളുടെ ആക്രമണം ഒരു സൗദി പൗരന്റെയും യെമൻ നിവാസിയുടെയും ജീവനെടുത്തിരുന്നു. തന്ത്രപ്രധാനമായ നഗരമായ മആരിബിന് നേരെയുള്ള അറബ് സഖ്യ സേനയുടെ ആക്രമണം തുടരുന്നതിനിടെ സഊദി അറേബ്യയ്‌ക്കെതിരെ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.