സഊദി പ്രവാസികളുടെ പണമയക്കലിൽ വൻ വർധനവ്, പൗരന്മാരുടേത് 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെമിറ്റൻസ്

0
2712

റിയാദ്: നവംബറിൽ സഊദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയച്ച പണം 12.97 ബില്യൺ റിയാലായി ഉയർന്നു. സഊദി പൗരന്മാരിൽ നിന്നുള്ള പണമയയ്‌ക്കൽ 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2021 നവംബർ മാസത്തിൽ രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ കൈമാറ്റം 1% വർധിച്ച് ഏകദേശം 12.97 ബില്യൺ റിയാലിലെത്തിയെന്ന് സഊദി സെൻട്രൽ ബാങ്ക് “സാമ” പുറത്തിറക്കിയ ഡാറ്റ വെളിപ്പെടുത്തി.

2021 ഒക്‌ടോബറിനെ അപേക്ഷിച്ച് നവംബറിൽ വിദേശ പണമയയ്‌ക്കലിൽ ഏകദേശം 510 ദശലക്ഷം റിയാലിന്റെ കുറവാണ്. അതായത് 4 ശതമാനമാണ് കുറവുണ്ടായത്.

എന്നാൽ, സ്വദേശികൾ സഊദിക്ക് പുറത്തേക്ക് അയച്ച പണത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 48 ശതമാനം വർധിച്ച് 7.18 ബില്യൺ റിയാലിലെത്തിയിട്ടുണ്ട് സ്വദേശികളുടെ പണമയക്കൽ. 2021 നവംബറിലെ പൗരന്മാരുടെ പണയടയ്ക്കൽ 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്, അതായത് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2017 നവംബറിന് ശേഷം ഏറ്റവും ഉയർന്ന പണമയക്കൽ ആണിത്. അക്കാലത്ത് ഇത് 7.95 ബില്യൺ റിയാലായിരുന്നു.

2021 ഒക്‌ടോബറിനെ അപേക്ഷിച്ച് നവംബറിൽ സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിൽ ഏകദേശം 1.7 ബില്യൺ റിയാലിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സാമ്പത്തിക മേഖല കര കയറുന്നതിന്റെ സൂചനയാണിത്.