ദമാം: ഹൗസ് ഡ്രൈവർ വിസയിലെത്തി രണ്ട് വർഷം ആടുജീവിതം നയിച്ച യുവാവ് ദുരിത ജീവിതത്തിനോടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം അഞ്ചാലമൂട് സ്വദേശി അൻസാരിയാണ് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സിറ്റി ബ്ലോക്ക് സഹായത്തോടെ നാടണഞ്ഞത്. രണ്ടു വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ കിഴക്കൻ സഊദിയിലെ ദമാമിൽ എത്തിയ അൻസാരി സ്പോൺസറുടെ നിർദേശപ്രകാരം ദമാമിൽ നിന്ന് 15 കിലോമീറ്റർ അകലെയായി മരുഭൂമിയിൽ ആടുമേക്കൽ ജോലി ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.
കൃത്യമായ ശമ്പളമോ താമസരേഖയോ കൊടുത്തിരുന്നില്ല. ജോലി സ്ഥലം വിട്ട് പുറത്ത് പോകാനും അനുവദിച്ചിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്ന യമൻ സ്വദേശിയുടെ ഫോണിൽനിന്ന് നാട്ടിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. വിഷമത്തിലായ കുടുംബം എസ്.ഡി.പി.ഐ പ്രവർത്തകരുടെ സഹായം തേടി. ഇന്ത്യൻ സോഷ്യൽ ഫോറം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജുബൈൽ സിറ്റി പ്രസിഡൻറ് സയീദ് ആലപ്പുഴയുടെ നേതൃത്വത്തിൽ അൻസാരിയുടെ താമസസ്ഥലം കണ്ടെത്തുകയും അടിയന്തര സഹായങ്ങൾ എത്തിക്കുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി നിരന്തരം ചർച്ച നടത്തി നാട്ടിലേക്ക് പോകാനുള്ള വഴി ഒരുക്കുകയായിരുന്നു. അൻസാരിയുടെ മടക്കയാത്രക്ക് സഹായങ്ങൾ നൽകി സോഷ്യൽ ഫോറത്തോടൊപ്പം ബാബു, അൻഷാദ് ആലപ്പുഴ, സക്കറിയ, ഫൈസൽ എന്നിവരുമുണ്ടായിരുന്നു.
