റിയാദ്: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നൈജീരിയയിലേക്കും വിമാന സർവ്വീസ് വിലക്ക് ഏർപ്പെടുത്തി സഊദി അറേബ്യ. സഊദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി വിലക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നേരത്തെ ഏതാനും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒമിക്രോൺ പശ്ചാത്തലത്തിൽ വിമാന നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇതോടെ, ഒമിക്രോൺ പശ്ചാത്തലത്തിൽ സഊദിയിൽ നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്ത ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം പതിനഞ്ചായി. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സഊദിയിലേക്ക് പ്രവേശനാനുമതിയുള്ള മറ്റൊരു രാജ്യത്ത് 14 ദിവസത്തിൽ കുറയാത്ത കാലം ചിലവഴിച്ച ശേഷം പ്രവേശനം അനുവദിക്കും.
എങ്കിലും ഇവർ സഊദിയിൽ പ്രവേശിച്ച ശേഷം അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ പാലിക്കുകയും സഊദിയിൽ പ്രവേശിക്കുന്നതിന്റെ ആദ്യ ദിവസവും അഞ്ചാം ദിവസവും പി.സി.ആർ നടത്തുകയും വേണം. വാക്‌സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവർക്കും അല്ലാത്തവർക്കുമെല്ലാം ഇത് ഒരുപോലെ ബാധകമാണ്. പ്രവേശന വിലക്കുള്ള ഏതു രാജ്യങ്ങളിൽ നിന്നും വരുന്ന സ്വദേശികൾ അഞ്ചു ദിവസം ഹോം ക്വാറന്റൈൻ പാലിക്കണണമെന്നും നിർദേശമുണ്ട്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്‌വത്തീനി, മലാവി, സാംബിയ, മഡഗസ്‌കർ, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നേരത്തെ വിലക്കിയിരുന്നത്.
ഒമിക്രോൺ: പൗരന്മാർക്ക് അഞ്ച് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി സഊദി അറേബ്യ