റിയാദിന് നേരെ മിസൈൽ ആക്രമണം

0
5642

റിയാദ്: സഊദി തലസ്ഥാനമായ റിയാദിന് നേരെ ഹുതികളുടെ മിസൈൽ ആക്രമണ ശ്രമം. ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ റിയാദ് നഗരത്തിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഊദി വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. സഊദി തലസ്ഥാനത്തുടനീളം ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് റിയാദ് നഗരത്തിന് നേരെ മിസൈൽ കുതിച്ചെത്തിയത്. ആകാശത്ത് വെച്ച് തകർത്തതിനെ തുടർന്ന് മിസൈൽ അവശിഷ്ടങ്ങൾ ചിതറി തെറിച്ചെങ്കിലും നാശനാഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനവാസ മേഖലയിലാണ് ഇവ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. സഊദി തലസ്ഥാന നഗരിക്കെതിരെ നടന്ന ആക്രമണ ശ്രമത്തിനെതിരെ കടുത്ത പ്രതിഷേധാവുമായി ലോക രാജ്യങ്ങൾ രംഗത്തെത്തി. നേരത്തെയും സമാനമായ ശ്രമങ്ങൾ നടന്നിരുന്നു.

സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിട്ട് ആസൂത്രിത ശ്രമമാണ് ഹൂതികൾ നടത്തുന്നതെന്നും ഹൂതി മിലിഷ്യയുടെ ഈ പ്രാകൃതവും നിരുത്തരവാദപരവുമായ പെരുമാറ്റം ദൈവിക മൂല്യങ്ങൾക്കും മാനുഷിക തത്വങ്ങൾക്കും വിരുദ്ധമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അതിന്റെ ആചാര നിയമങ്ങളും ഹൂതികൾ ലംഘിച്ചതായും ബ്രിഗേഡിയർ ജനറൽ അൽ-മാലികി പറഞ്ഞു.

അതേസമയം, യമനിലെ ഹൂദതികൾക്കെതിരെ അതിശക്തമായ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാരിബിലെ ഹൂതി ലക്ഷ്യങ്ങൾക്കെതിരെ സഖ്യസേന 47 വ്യോമാക്രമണം നടത്തിയതായും മാലികി പറഞ്ഞു.