- സുബീന. എം. വി
ഞങ്ങൾക്കുമുണ്ട് ഈ ഭൂമിയിൽ നിങ്ങളെ പോലെ ജീവിക്കാൻ അവകാശം. നിങ്ങളെ പോലെ ഞങ്ങളും സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ചിന്തകളും ഉള്ളവരാണെന്ന് മറന്നു പോകരുത്. നിങ്ങളെ പോലെയുള്ള മനുഷ്യനായി ഞങ്ങളെയും പരിഗണിച്ചു കൂടെ.
എല്ലാവരെയും പോലെ ജീവിക്കാനുള്ള ആഗ്രഹവുമായി ഭൂമിയിൽ പിറവി എടുത്തവരാണ് ഞങ്ങളും. ആഗ്രഹങ്ങളും സ്വപ്നങ്ങളും ചിന്തകളും ഒക്കെ നിങ്ങളുടേത് പോലെ തന്നെ. തനിയെ നടക്കാൻ കഴിയാത്തതിനാൽ ഞങ്ങളിൽ പലരും വീൽചെയർ ആശ്രയിക്കുന്നു. വീൽചെയറിൻ്റെ സഹായത്തോടെ ഞങ്ങൾ പുറം ലോകം കുറച്ചെങ്കിലും ആസ്വദിക്കുന്നു. എന്നാൽ വിധി പക്ഷെ അവിടെയും ഞങ്ങൾക്ക് അനുകൂലമല്ല. കാരണം പുറം ലോകം ഡിസൈൻ ചെയ്തിരിക്കുന്നത് രണ്ടു കാലുകളും ഉപയോഗിച്ച് സ്വതന്ത്രമായി നടക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണല്ലോ. വീൽ ചെയറുകൾക്ക് പ്രവേശനം നിഷിദ്ധമായ വിധമാണല്ലോ എല്ലായിടവും നിർമ്മിച്ചിരിക്കുന്നത്.
ഏതൊരു കടകളും, ഓഫീസുകളും, കെട്ടിടങ്ങളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും നിർമ്മിക്കുമ്പോൾ പ്രത്യേകം ചെലവുകളൊന്നുമില്ലാതെ വീൽച്ചെയറുകൾക്കു കൂടി പ്രാപ്യമാകുന്ന വിധം നിർമ്മിക്കാവുന്നതേയുള്ളു. ഞങ്ങളെപോലുള്ളവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും അങ്ങനെ ഉള്ളവരും കൂടി എത്തിച്ചേരേണ്ട ഇടങ്ങൾ ആണ് ഇതെന്നും സമൂഹം ഓർക്കാത്തതെന്താണ്?

ഏതൊരു സാധാരണ മനുഷ്യരെയും പോലെ ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും, ഇഷ്ടമുള്ളിടത്തു പോയി ഭക്ഷണം കഴിക്കാനും, അത് പോലെ തന്നെ ഇഷ്ടപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി സൗകര്യങ്ങൾ ഒക്കെ തിരഞ്ഞെടുക്കാനും ഞങ്ങൾക്ക് കഴിയാത്തതു ഈ ഒരു കാരണം കൊണ്ട്തന്നെയാണ്. ആ ചക്ര കസേരയിൽ ഇരുന്നെങ്കിലും ലോകകാഴ്ചകൾ കാണാനും എല്ലാം അടുത്തറിയാനും അങ്ങനെ ഈ ഭൂമിയിലെ സാധാരണക്കാരിൽ മറ്റൊരാളായി മാറാനും ആഗ്രഹിക്കാത്തത് ആരാണ്? ചലന പരിമിതിയുള്ളവർ വീടിനുള്ളിൽ മാത്രം കഴിയേണ്ടവർ ആണെന്ന പഴയ ചിന്താഗതി, ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഞങ്ങൾക്ക് നേരെ കണ്ണടക്കുന്നത് ഞങ്ങളുടെ ഇത്തരം ആഗ്രഹങ്ങൾ അതിമോഹമായി കരുതിയിട്ടോ?
എല്ലാ വർഷവും ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതിന്റെ ആവശ്യം എന്താണ്?. അന്ന് മാത്രം ഓർക്കേണ്ട മനുഷ്യരാണോ ഞങ്ങൾ?ഞങ്ങൾക്കും വേണ്ടേ നിങ്ങളെ പോലെ കൊതിതീരുവോളം ജീവിക്കാൻ പറ്റിയ ഒരു ലോകം. ഇനിയെങ്കിലും കൺതുറന്നു കാണുക, ഇതുപോലെയുള്ള മനുഷ്യരുടെ ഇടയിലേക്ക് നിങ്ങളും ഇറങ്ങുക.
തുറിച്ച കണ്ണുകൾ കൊണ്ട് കുത്തി നോവിക്കാതെ ചേർത്ത് പിടിക്കാൻ പറ്റുമെങ്കിൽ ചേർത്ത് പിടിയ്ക്കുക. പരിമിതികൾ ഉണ്ടെങ്കിലും വാനോളം ഉയരെ പറക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. നിങ്ങളുടേതും ഞങ്ങളുടേതും എന്ന് വേലി കെട്ടിത്തിരിക്കാത്ത ഒരു ലോകത്തെ ചിത്രശലഭങ്ങളാകാൻ അനുവദിക്കൂ. നോക്കൂ, എല്ലാവരെയും ചേർത്ത് പിടിക്കുമ്പോൾ ഈ ലോകത്തിനു എന്ത് ഭംഗിയാണ്.