ദുബൈ: ക്വാറന്റൈൻ സമയം കഴിഞ്ഞു യുഎഇ യിൽ നിന്ന് സഊദിയിലേക്ക് പോകാനായി തയാറായ പ്രവാസികളെ പ്രതിസന്ധിയിലാക്കി യാത്രാ തടസം. നൂറുകണക്കിന് സഊദി പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ് ബസ് സർവ്വീസുകൾ ക്യാൻസർ ചെയ്ത പുതിയ തീരുമാനം. നവംബർ അവസാനം വരെയുള്ള മുഴുവൻ ബസുകളും ക്യാൻസൽ ചെയ്തതായാണ് റിപ്പോർട്ട്.
സർവ്വീസ് നടത്തുന്ന ബസുകൾ ഷെഡ്യുൾ റദ്ദ് ചെയ്തതായ സന്ദേശം ട്രാവൽസ് ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. ഇതോടെ, സഊദിയിലേക്ക് ഈ ദിവസങ്ങളിൽ വരാനായി തയ്യാറായ നൂറു കണക്കിന് പ്രവാസികൾ പ്രതിസന്ധിയിലായി.
അടുത്ത ദിവസങ്ങളിൽ ഇഖാമ, റീ എൻട്രി തീരുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. ഇവർക്കിനി സഊദിയിലേക്കുള്ള വിമാന സർവീസുകളെ പെട്ടെന്ന് ആശ്രയിക്കുകയാണ് അനുകൂലമായ ഏക മാർഗ്ഗം. എന്നാൽ, ഉയർന്ന വിമാന നിരക്കും പെട്ടെന്നുള്ള ടിക്കറ്റ് ബുക്കിങ്ങും പ്രതിസന്ധി തീർക്കും. മാത്രമല്ല, ഒരേ സമയം കൂടുതൽ ബുക്കിംഗ് വരുമ്പോൾ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് ഇനിയും ഉയരാനും സാധ്യത ഉണ്ട്.
കുറഞ്ഞ നിരക്കിൽ സഊദിയിൽ എത്തിച്ചേരാം എന്നതാണ് ബസ് മാർഗ്ഗം തിരഞ്ഞെടുക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. അതേസമയം, സ്പെഷ്യൽ ബസുകൾക്ക് വൻകിട ട്രാവൽസ് ഏജൻസികൾ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇത് വിജയം കാണുമോ എന്ന് വ്യക്തമല്ല.
അതിർത്തി കടക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ ബസുകളെ തടഞ്ഞതാണ് ബസ് കമ്പനികൾ സർവ്വീസ് ഷെഡ്യുളുകൾ ക്യാൻസൽ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട് . എന്നാൽ, പൊടുന്നനെ ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. നവംബർ 30 വരെയുള്ള ബസ് ഷെഡ്യുളുകളാണ് ക്യാൻസൽ ചെയ്തത്. അതിന് ശേഷമുള്ള അപ്ഡേറ്റ് എന്തായിരിക്കുമെന്ന് വ്യക്തമല്ല. സഊദിയിലേക്കുള്ള പ്രവേശന നിബന്ധനകൾ പാലിക്കാതെ ബസുകളിൽ വ്യാപകമായി ആളുകൾ പോകുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
വാർത്തകൾ ഉടൻ ലഭിക്കുന്നതിന് ഗ്രൂപ്പിൽ അംഗമാകാം👇