റിയാദ്: സഊദിയിൽ ഇനി മുതൽ കാണാതായവരെ തിരയുക 21 ദിവസം. കാണാതായവരെക്കുറിച്ചുള്ള വിവരം ലഭിച്ചതു മുതൽ 21 ദിവസത്തെ എല്ലാ ശ്രമങ്ങൾക്കും ശേഷം സിവിൽ ഡിഫൻസ് ടീമുകൾ കാണാതായവർക്കായി തിരച്ചിൽ അവസാനിപ്പിക്കും. ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സഊദ് രാജകുമാരൻ അംഗീകരിച്ച സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ അഗ്നിശമന, രക്ഷാപ്രവർത്തനങ്ങളുടെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ വ്യവസ്ഥ.
എന്നാൽ, പ്രസ്തുത ദിവസത്തിന് ശേഷവും മന്ത്രിയുടെ അനുമതിയോടെ തിരച്ചിൽ കാലാവധി സമാനമായ കാലയളവിലേക്ക് നീട്ടാനാവും.
പുതിയ ചട്ടങ്ങളുടെ ആറാമത്തെ ആർട്ടിക്കിൾ അനുസരിച്ച്, തീപിടുത്തം, പേമാരി, മഞ്ഞ് വീഴ്ച, മണ്ണിടിച്ചിലുകൾ, ഉയരങ്ങളിൽ നിന്നോ ദുർഘടമായ പർവതപ്രദേശങ്ങളിൽ നിന്നോ കിണറുകളിലോ വീഴുക തുടങ്ങിയ അത്യാഹിതങ്ങളിൽ കാണാതായ വ്യക്തികൾക്കായി സിവിൽ ഡിഫൻസ് തിരച്ചിൽ നടത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യും. കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം 21 ദിവസത്തിന് ശേഷം തിരച്ചിൽ ദൗത്യം നിർത്തി വെക്കും.
സിവിൽ ഡിഫൻസിന്റെ അഗ്നിശമന ദൗത്യവും രക്ഷാപ്രവർത്തനവും നിയന്ത്രിക്കാനും ഈ പ്രവൃത്തികൾ നടപ്പിലാക്കുമ്പോൾ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വഹിക്കേണ്ട അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പുതിയ വ്യവസ്ഥയിൽ നടപടികളുണ്ട്. പുതിയ വ്യവസ്ഥ ഇഷ്യൂ ചെയ്ത തീയതി മുതൽ 90 ദിവസത്തിന് ശേഷം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഓരോ അഞ്ച് വർഷത്തിലും ചട്ടങ്ങൾ അവലോകനം ചെയ്യാൻ സിവിൽ ഡിഫൻസിന്റെ ഒരു ഉപസമിതി രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നാം ആർട്ടിക്കിൾ പ്രകാരം, പൊതു സുരക്ഷ, യുദ്ധം, അടിയന്തരാവസ്ഥ എന്നിവയിൽ ജീവനും പൊതു, സ്വകാര്യ സ്വത്തിനും സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ലഭ്യമായ എല്ലാ നടപടികളും മാർഗങ്ങളും സിവിൽ ഡിഫൻസ് സ്വീകരിക്കണം.
നിയന്ത്രണങ്ങൾക്കനുസൃതമായി മാനുഷിക സംരക്ഷണത്തിനാണ് മുൻഗണന. വാഹനാപകട നടപടികളിൽ ഹാജരാകുമ്പോൾ അഗ്നിശമന പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനവും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കലും ഏറ്റെടുക്കുകയുമാണ് സിവിൽ ഡിഫൻസിന്റെ പങ്ക്.