ലണ്ടൻ: കൊവിഡ് -19 ചികിത്സിക്കുന്നതിനുള്ള ആദ്യത്തെ ആൻറിവൈറൽ ഗുളികക്ക് അംഗീകാരം നൽകി ബ്രിട്ടൻ. ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലുള്ള, മിതമായ അണുബാധയുള്ളവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനും മരണപ്പെടുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നതിന് ലാഗെവ്രിയോ (മോൾനുപിരാവിർ) സുരക്ഷിതവും ഫലപ്രദവുമാണെന്ന് അധികൃതർ വെളിപ്പെടുത്തി.
ബ്രിട്ടന്റെ റെഗുലേറ്ററും സർക്കാരിന്റെ സ്വതന്ത്ര വിദഗ്ധ ശാസ്ത്ര ഉപദേശക സമിതിയുമായ കമ്മീഷൻ ഓൺ ഹ്യൂമൻ മെഡിസിൻ ഗുളികകളുടെ സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെക്കുറിച്ചുള്ള കർശനമായ അവലോകനത്തെ തുടർന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ഇക്കാര്യം പ്രഖ്യാപിച്ചത്.
റൈഡ്ജബാക്ക് ബിയോതെറാപ്പേറ്റിക്സ്, മെർക്ക് ഷാർപ് & ദോം (MSD)യും ചേർന്ന് വികസിപ്പിച്ചെടുത്ത ലാഗേവ്രിയോ, വൈറസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. വൈറസ് പെരുകുന്നത് തടയുകയും ശരീരത്തിൽ വൈറസിന്റെ അളവ് കുറയ്ക്കുകയും അതിനാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ കഴിച്ചാൽ ലാഗെവ്രിയോ ഏറ്റവും ഫലപ്രദമാണ്. പോസ്റ്റീവ് കണ്ടെത്തിയാൽ ലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ എത്രയും വേഗം ഇത് ഉപയോഗിക്കാൻ MHRA ശുപാർശ ചെയ്യുന്നു,.
“ഇന്ന് നമ്മുടെ രാജ്യത്തിന് ചരിത്രപരമായ ദിവസമാണ്, കൊവിഡ് -19 ന് വീട്ടിൽ എടുക്കാവുന്ന ഒരു ആൻറിവൈറലിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുകെ. ഏറ്റവും ദുർബലരും പ്രതിരോധശേഷി കുറഞ്ഞവരും ഉൾപ്പെടെയുള്ളവർക്ക് ഉടൻ തന്നെ ഏറ്റവും ഫലപ്രദമായ ചികിത്സ സ്വീകരിക്കാൻ കഴിയും” യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിജയത്തിന് എംഎച്ച്ആർഎയിലെയും എംഎസ്‌ഡിയിലെയും വിദഗ്ധ ടീമുകൾക്കും ആന്റിവൈറൽ ടാസ്‌ക്ഫോഴ്‌സിനും എന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊവിഡ് -19-നെതിരെയുള്ള വാക്സിനേഷന് പകരമായി ലാഗെവ്രിയോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.