സഊദിയിൽ മദ്യ നിരോധനം തുടരും, സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചരണം

0
2537

റിയാദ്: സഊദി അറേബ്യയില്‍ മദ്യത്തിനുള്ള നിരോധനം തുടരുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എവിടേയും മദ്യ നിര്‍മാണമോ വില്‍പനയോ ഉപയോഗമോ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ചില പ്രത്യേക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവാദം നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം നിശ്ചയിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുമെന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി. സഊദിയില്‍ മദ്യപാനം ഗുരുതര കുറ്റകൃത്യമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. വിദേശിയാണെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുകയും ചെയ്യും. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുമുമ്പ് വിനോദ സഞ്ചാരികളുടെ ഇഷ്ടങ്ങളറിയാൻ സഊദി ജനങ്ങൾക്കിടയിൽ സർവേ നടത്തിയിരുന്നു. ടൂറിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം സഊദി അറേബ്യയിലെ മദ്യ നിരോധനത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

അടുത്ത വർഷം സ്വദേശികളും വിദേശികളും അടക്കം അഞ്ചുകോടി ടൂറിസ്റ്റുകൾ രാജ്യത്തെത്തും. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള വൻകിട പദ്ധതികളും സഊദി അറേബ്യ സജ്ജീകരിച്ചിട്ടുണ്ട്.