റിയാദ്: സഊദിവൽക്കരണം എന്ന ആശയം ഒരിക്കലും നിക്ഷേപകർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടില്ലെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ചൊവ്വാഴ്ച റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ (എഫ്‌ഐഐ) അഞ്ചാം പതിപ്പിൽ പാനൽ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് ജൈവികമായി സംഭവിക്കേണ്ടതുണ്ടെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 ബിസിനസ്സ് മേഖലയെ ഞെട്ടിച്ചു. എന്നാൽ സഊദി അറേബ്യ അതിനെ നേരിടുന്നതിൽ ശക്തി തെളിയിച്ചു. ഞങ്ങൾ ഇതുവരെ 10 ദശലക്ഷത്തിലധികം പ്രവാസികൾക്ക് പരിശോധനകളും വാക്സിനുകളും നൽകിയെന്നും കൊവിഡ് 19 മഹാമാരിയെ സംബന്ധിച്ച് രാജ്യത്തിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് അൽ-ഫാലിഹ് പറഞ്ഞു.
രാജ്യത്തിന്റെ ഏറ്റവും വലിയ ലാഭവിഹിതവും വിഭവശേഷിയുമാണ് സഊദി യുവജനങ്ങൾ. സഊദി അറേബ്യ അതിന്റെ ജനസംഖ്യയിൽ നിക്ഷേപിക്കുന്നു. അതാണ് ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ വിഭവം. തൊഴിലുടമകൾക്ക് പ്രയോജനം നേടാനുള്ള വലിയ സമ്പത്താണ് ഞങ്ങളുടെ യുവാക്കൾ. അവർ മികച്ച വിജയം കൈവരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. തൊഴിലാളികളെ തയ്യാറാക്കുന്നതിൽ വിദ്യാഭ്യാസ സംവിധാനത്തിൽ ഞങ്ങൾ നിക്ഷേപിക്കുമ്പോൾ രാജ്യം പുതിയ ജോലികൾക്കായി പ്രതിഭകളെ തയ്യാറാക്കുകയാണ്. സന്തുലിത പോർട്ട്‌ഫോളിയോ സൃഷ്ടിക്കുന്നതിന് സ്വകാര്യമേഖല രാജ്യത്തെ യുവാക്കൾക്കൊപ്പം റിസ്ക് എടുക്കേണ്ടതുണ്ടെന്നും അൽ ഫാലിഹ് പറഞ്ഞു.
