സഊദിയിലേക്കും തിരിച്ചും എയർഇന്ത്യ സർവ്വീസ് ഒക്ടോബർ 31 മുതൽ, ബുക്കിംഗ് ആരംഭിച്ചു

0
20357

റിയാദ്: ഈ മാസം അവസാനം മുതൽ സഊദിയിലേക്കും തിരിച്ചും സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സഊദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് സഊദിയിലെ പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഏതെല്ലാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവ്വീസുകൾ ഉണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഒട്ടുമിക്ക പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവ്വീസുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവ്വീസ്.

ഒക്ടോബർ 31 മുതൽ അടുത്ത വർഷം മാർച്ച് 26 വരെയുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റുകൾ വഴിയോ ഏജൻ്റുകൾ വഴിയോ ടിക്കറ്റുകൾ എടുക്കാമെന്ന് എയർ ഇന്ത്യ ട്വിറ്ററിൽ അറിയിച്ചു. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് നടത്തുന്നുണ്ട്.

നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് സഊദിയിലേക്ക് നേരിട്ട് പ്രവേശനാനുമതിയുള്ളത്. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്കും സഊദിയിൽ നിന്നും ഇന്ത്യയിൽ നിന്നുമായും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്കും നേരിട്ട് ഉടൻ പ്രവേശനാനുമതി ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ.