കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. റസ്റ്റാറൻറ്, കഫെ പോലെയുള്ള മാസ്ക് ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. സ്വന്തം ഇഷ്ടാനുസരണം തുറന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരാവുന്നതാണ്. രാജ്യം കോവിഡിനെ അതിജീവിക്കുന്നതിെൻറ ഏറ്റവും പ്രത്യക്ഷ അടയാളമാണ് മാസ്ക് ഒഴിവാക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കാനുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭ നടത്തിയത്.
എന്നാൽ, വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമെ പെങ്കടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. എല്ലാ തരത്തിലുള്ള എൻട്രി വിസയും അനുവദിക്കാൻ തീരുമാനിച്ചതും പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കിയതുമാണ് മറ്റു സുപ്രധാന നടപടി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി ഉയർത്തിയിട്ടുണ്ട്. പ്രതിദിനം 25,000ത്തിനും 30,000ത്തിനും ഇടയിൽ യാത്രക്കാരെയാണ് ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുന്നത്. 35 അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കാണ് നിലവിൽ കുവൈത്തിൽനിന്ന് സർവിസിന് അനുമതിയുണ്ടായിരുന്നത്. ഇത് 52 ആക്കി ഉയർത്തും. പ്രതിദിനം 10,000 യാത്രക്കാർ എന്ന നിയന്ത്രണമാണ് മന്ത്രിസഭ ഉത്തരവിനെ തുടർന്ന് നീക്കംചെയ്യുന്നത്.
നിയന്ത്രണം നീങ്ങിയതോടെ അടുത്ത ദിവസം മുതൽ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ഉണ്ടെങ്കിലും വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണതോതിൽ ആയിരുന്നില്ല. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിനു കാരണം. സീറ്റുകൾ പരിമിതമായതിനാൽ കൂടിയ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.