ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ നവംബറിൽ, തീർത്ഥാടകരെ തിരഞ്ഞെടുക്കുക കൊവിഡ് വാക്സിനേഷൻ സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ

0
1652

ന്യൂഡൽഹി: വാക്‌സിനേഷൻ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിവിധ കൊവിഡ്-അനുയോജ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് 2022-ലേക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ, സൗദി അറേബ്യൻ സർക്കാരുകൾ നിശ്ചയിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. വെള്ളിയാഴ്ച നടന്ന ഹജ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹജ്ജ് 2022 ന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും. തീർഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷയുടെ പ്രക്രിയയും ഇതെ സമയം ആരംഭിക്കും. എല്ലാ ഹജ്ജ് തീർഥാടകർക്കും ഡിജിറ്റൽ ഹെൽത്ത് കാർഡ്, ഇ-മസിഹ ആരോഗ്യ സംവിധാനം, ഇ-ലഗേജ് പ്രീ-ടാഗിംഗ് സൗകര്യം ൽകുമെന്നും ഇത് മക്ക-മദീനയിലെ താമസ/ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും നഖ്‌വി പറഞ്ഞു.

സഊദി അറേബ്യൻ സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും എല്ലാ ആരോഗ്യ, കൊവിഡ് പ്രോട്ടോക്കോളുകളും അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ 2022 ലെ ഹജ്ജ് പ്രക്രിയ മുഴുവൻ ഡിജിറ്റൽ ആയിരിക്കും. ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇന്ത്യൻ ഹജ് കമ്മിറ്റി, സഊദി അറേബ്യയിലെ ഇന്ത്യൻ എംബസി, ഇന്ത്യയുടെ കോൺസൽ ജനറൽ എന്നിവരുടെ ചർച്ചകൾക്കൊടുവിലാണ് ഹജ്ജ് 2022 പ്രക്രിയ പൂർത്തീകരിക്കുക. ഇതോടൊപ്പം, ജിദ്ദയിലും മറ്റ് ഏജൻസികളിലും പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളുടെ എല്ലാ വശങ്ങളും കണക്കിലെടുത്തുള്ള നടപടികളും വിലയിരുത്തും.