റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധം നടപടികളിൽ ഇളവ് പ്രഖ്യാപിച്ചത് രാജ്യം കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി കരസ്ഥമാക്കിയതിനെ തുടർന്ന്. മുൻകരുതൽ നടപടികൾ ലഘൂകരിക്കുന്നത് രാജ്യം സാമൂഹിക പ്രതിരോധശേഷിയിൽ എത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ പകർച്ചവ്യാധി കൺസൾട്ടന്റ് ഡോ: ഹൗറ അൽ ബയാത് പറഞ്ഞു.
നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഒഴികെ എല്ലാവർക്കും തടസ്സങ്ങളൊന്നുമില്ലാതെ ഒരു സാധാരണ ജീവിതം ഇതോടെ നയിക്കാനാകുമെന്നും കോവിഡ് വാക്‌സിൻ രാജ്യങ്ങളിൽ ഒന്നായി സഊദി അറേബ്യ മാറിയെന്നും ഇവർ പറഞ്ഞു. കൊറോണ വൈറസിനെതിരെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വാക്സിൻ എടുക്കുമ്പോൾ ഗുരുതരമായ രോഗികളും മരണവും തീരെ ഇല്ലാതാകും.
പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാമത്തെ ഡോസ് ലഭിക്കാത്തവർ ഉടൻ തന്നെ അത് കൂടി സ്വീകരിക്കാൻ മുന്നോട്ട് വരണം. കെട്ടിടങ്ങൾ പോലെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരുകയും വേണം. ഏകദേശം 45 ദശലക്ഷം ഡോസുകൾ ഇതിനകം രാജ്യത്ത് വിതരണം ചെയ്‌തിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചവർക്കിടയിൽ മരണമോ ഗുരുതര രോഗാവസ്ഥയോ രാജ്യത്ത് ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും ഇവർ പറഞ്ഞു.
ഇരു ഹറം സേവകൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും പിന്തുണച്ചതിന് നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഡോ: ഹൗറ അൽ ബയാത് പറഞ്ഞു. പുതിയ ഇളവുകൾ നാളെമുതൽ പ്രാബല്യത്തിൽ വരും.