വെറും 600 ഗ്രാം തൂക്കത്തോടെ ജനിച്ചു വീണ കുട്ടി ആശുപത്രി വിട്ടു, പൂർണ്ണ ആരോഗ്യവാനായി, സന്തോഷം പങ്ക് വെച്ച് ആശുപത്രി അധികൃതർ

0
3081

അബുദാബി: വെറും 600 ഗ്രാം തൂക്കത്തോടെ ജനിച്ചു വീണ കുട്ടി ആശുപത്രി വിട്ടു. സാധാരണ പ്രസവത്തിനു17 ആഴ്ചകൾക്കുമുമ്പ് ജനിച്ച ആൺകുട്ടി അബുദാബിയിലെ ആശുപത്രിയിൽ നിന്ന് 160 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ഡിസ്ചാർജ് ചെയ്തത്. അബുദാബിയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ദനാത് അൽ എമറാത്ത് ഹോസ്പിറ്റലിൽ മാർച്ച് 20 നാണ് ആദിൽ ജനിച്ചത്. ഉടൻ തന്നെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) പ്രവേശിപ്പിച്ചു. അവിടെ അഞ്ച് മാസത്തെ പരിചണങ്ങൾക്ക് ശേഷമാണ് പുറത്തിറക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തിലെ താമസത്തിനിടയിൽ ആദിൽ രണ്ട് ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ, കുഞ്ഞിന്റെ ഭാരം 3.88 കിലോഗ്രാം ആയിരുന്നു, ആരോഗ്യവാനായാണ് ആശുപത്രി വിട്ടത്.

വളരെ അപൂർവമായ ഒരു കേസ് എന്നാണ് നിയോനാറ്റോളജി കൺസൾട്ടന്റും ആദിലിനെ പരിചരിച്ച ഡോ: ദുആ അൽ മസ്രി ഇതിനെ വിശേഷിപ്പിച്ചത്. ഗർഭത്തിൻറെ 23-ാം ആഴ്ചയിൽ ജനിച്ച കുട്ടികളുടെ അതിജീവന നിരക്ക് 10-30 ശതമാനം മാത്രമാണ്. എന്നിരുന്നാലും, ഞങ്ങൾ പ്രതീക്ഷയിലായിരുന്നുവെന്നും കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചെറുകുടലിൽ ദ്വാരമുണ്ടായിരുന്നതിനാൽ ജനിച്ച് 11 ദിവസങ്ങൾക്ക് ശേഷം ആദ്യ ശത്രക്രിയ നടത്തി. തകരാറിലായ കുടലിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും, ചെറുകുടലിന്റെ തുടക്കത്തിൽ ഒരുദ്വാരം സൃഷ്ടിക്കുന്നതിനും, ഭക്ഷണത്തിന്റെ വഴി പുറത്തേയ്ക്ക് മാറ്റുന്നതിനുമായിരുന്നു ശസ്ത്രക്രിയ. രണ്ട് മാസങ്ങൾക്ക് ശേഷം പീഡിയാട്രിക് സർജിക്കൽ ടീം രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി ദ്വാരം അടച്ച് കുടലിന്റെ സ്ഥാനം സാധാരണ നിലയിലാക്കി.

അബുദാബിയിലെ പ്രശസ്തമായ ഈ ആശുപത്രി 2015 ഒക്ടോബറിൽ തുറന്നതിനുശേഷം, 26,000 ലധികം കുഞ്ഞുങ്ങൾ ഇവിടെ ജനിച്ചിട്ടുണ്ട്.

വീഡിയോ