പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ല, സുരക്ഷ പരിശോധന കാംപയിൻ അവസാനിപ്പിച്ചു

0
3339

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെ കണ്ടെത്താനായി വ്യാപകമായി ആരംഭിച്ച സുരക്ഷാ പരിശോധന കുവൈത്ത് താത്കാലികമായി നിർത്തി വെച്ചു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാംപയിൻ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയത്തെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷ പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയായവരെ വ്യാപകമായി പിടികൂടിയതിനെ തുടർന്ന് നാടുകടത്തൽ കേന്ദ്രം നിറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയത്.

കൊവിഡ് പശ്ചാത്തലത്തിലെ യാത്ര നിയന്ത്രണങ്ങൾ കാരണം വേഗത്തിൽ നാട്ടിലയക്കാൻ കഴിയാത്തതിനാൽ നിലവിൽ ഇവിടെ പിടികൂടപ്പെട്ടവരെ ഇവിടെ തന്നെ പാർപ്പിച്ചിരിക്കുന്ന. ഒരു വിമാനത്തിൽ അയക്കാവുന്നവരുടെ എണ്ണത്തിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. ഇതോടൊപ്പം, കൊവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്. ഇതിന്റെയെല്ലാം ഭാഗമായാണ് താത്കാലിക തീരുമാനം. തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ജയിൽ വകുപ്പ് കഴിയുന്നവിധം ജാഗ്രത പുലർത്തുന്നുണ്ട്. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേകം ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ജയിലിൽനിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേരാണ് പിടിയിലായിരുന്നത്. 180,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുള്ളതായാണ് കണക്കാക്കുന്നത്. വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്നു തന്നെയാണ് അധികൃതരുടെ തീരുമാനം.