സഊദി-യുഎഇ അതിർത്തിയിൽ വൻ മയക്കുമരുന്ന് കടത്ത് പിടികൂടി

0
2019

റിയാദ്: യുഎഇ യുമായി സഹകരിച്ച് 1.5 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള പദ്ധതി സഊദി അറേബ്യ പരാജയപ്പെടുത്തി. ധാന്യം നിറച്ച ട്രക്കിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം ബത്ഹ അതിർത്തിയിൽ പിടികൂടിയത്. മയക്കുമരുന്ന് ഇനത്തിൽ പെട്ട 1,531,791 ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുൈജദിഅറിയിച്ചു. സംഘത്തിൽ പെട്ട സ്വദേശി പൗരനെയും സിറിയൻ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ജയിലിലടച്ചതായും അൽ നുജൈദി പറഞ്ഞു.

കടുത്ത ഉത്തേജനം നൽകുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെട്ട പൊടിയാണ് ആംഫെറ്റാമൈൻ. ഇത് ഗുളിക രൂപത്തിലും ലഭ്യമാണ്. ഇത് ഉപയോഗിക്കുന്ന അധികപേരും അധികകാലം ഇത് അതിജീവിക്കുന്നില്ല എന്നതാണ് ഇതിെൻറ ഏറ്റവും വലിയ അപകടം.

ഈ മാസമാദ്യം, സഊദി അറേബ്യയിലെ ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി കൊക്കോ ബീൻസ് ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ 12 ദശലക്ഷത്തിലധികം ക്യാപ്റ്റഗോൺ ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞിരുന്നു. കൊക്കോ ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്തുകയും ചെയ്തതോടെയായിരുന്നു പിടിച്ചെടുത്തത്.