റിയാദ്: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റസ്റ്റോറന്റുകളിലും കഫേകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തി. മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയമാണ് റെസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയിൽ അനുവദിക്കുന്ന ആളുകളുടെ എണ്ണം ഉയർത്തുന്നതായി അറിയിച്ചത്. ഒരു ടേബിളിൽ പത്ത് പേർക്ക് വരെ ഇരിക്കാമെന്നു മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. നേരത്തെ ഒരു ടേബിളിൽ ഒരുമിച്ച് ഇരിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

ഇതാണ് ഇപ്പോൾ പത്തു പേർക്കായി ഉയർത്തിയത്. പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കിയ മുൻകരുതൽ നടപടികൾ കണക്കിലെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, പുതിയ നിബന്ധന പ്രകാരം “തവക്കൽന” ആപ്ലിക്കേഷനിൽ രണ്ട് ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്സിൻ ലഭിച്ചവർക്ക് മാത്രമേ റെസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശനം അനുവദിക്കാവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.