റിയാദ്: സഊദിയിലെ യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം. ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ തകരുകയും ചെയ്തു. ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേന തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പതിച്ചിരുന്നു.

യമനിലെ സഅദയില്‍ നിന്നാണ് ഡ്രോണ്‍ എത്തിയതെന്നും സിവിലിയന്‍മാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വ്യക്തമാക്കി. ആക്രമണത്തിന് ശേഷവും വിമാനത്താവള പ്രവർത്തനം സാധാരണ നിലയിൽ തന്നെ തുടരുന്നുവെന്ന് അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെയും ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികൾ മിസൈലുകളും ആയുധ ഡ്രോണുകളും അയച്ചിരുന്നു. സഊദി വ്യോമ പ്രതിരോധ സേനയുടെയും അറബ് സഖ്യ സേനയുടെയും സമയോചിത ഇടപെടലിൽ ആക്രമണങ്ങൾക്കെത്തിയ ആയുധങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടുണ്ട്.