റിയാദ്: സഊദിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പോലീസുകാർ മരണപ്പെട്ടു. അൽ ലൈതിൽ ഇന്ന് രാവിലെയാണ് സംഭവം. അൽ ഐൻ-അൽ ഹറ – അൽ ലൈത്ത് റോഡിലാണ് അപകടം. ഉമൈഖ കേന്ദ്രത്തിനു തൊട്ട് മുന്നെയായി പോലീസുകാർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഖാമുഖം നടന്ന കൂട്ടിയിടിയിൽ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. പോലീസുകാരിൽ ഒരാൾ ട്രാഫിക് വകുപ്പിലും മറ്റൊരാൾ പൊതു സുരക്ഷ വകുപ്പിലും ജോലി ചെയ്തു വരികയായിരുന്നു.
ദാരുണമായ ട്രാഫിക് അപകടത്തിൽ രണ്ട് വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും അപകടസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മൃതുദേഹങ്ങൾ അൽ ലൈത്ത് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.